സ്വന്തം ലേഖകൻ
അവണൂർ: അവണൂർ മണിത്തറയിൽ വാഹനം ഇടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയടക്കമുള്ളവരുടെ അറസ്റ്റ് ഇന്നു വൈകീട്ടോടെയുണ്ടാകുമെന്ന് സൂചന. കേസിലെ മുഖ്യസൂത്രധാരൻ നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യപ്രതികളടക്കമുള്ളവർ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം.
കേസിലെ മുഖ്യ സൂത്രധാരനും നിരവധി കേസുകളിൽ പ്രതിയുമായ കുറ്റൂർ ഈച്ചരത്ത് വീട്ടിൽ പ്രദീഷി(21)നെ കഴിഞ്ഞ ദിവസം കുറ്റൂർ എംഎൽഎ റോഡിലെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പി.പി. ജോയിയുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച അർധരാത്രി പ്രദീഷിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം വരടിയം ചിറമ്മൽ വിട്ടിൽ ജെയിംസിന്റെ മകൻ സിജോയെ ഫോണിൽ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിൽ വന്നിരുന്ന സിജോയെ കാർ ഇടിപ്പിച്ച് വീഴത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്.
പ്രദീഷിന്റെ സംഘത്തിൽ പെട്ടവരെ കഴിഞ്ഞ വർഷം പിക്കപ്പ് വാൻ ഇടിപ്പിച്ച് കൊന്ന സംഭവത്തിൽ വാൻ ഓടിച്ചിരുന്നത് സിജോയായിരുന്നു. ഈ വൈരാഗ്യവും, കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ടുള്ള തർക്കവുമാണ് എതിർ സംഘത്തിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
സിറ്റി പോലീസ് കമ്മീഷണർ ആർ. ആദ്യത്യയുടെ മേൽ നോട്ടത്തിൽ ഗുരൂവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബിജു ഭാസ്കറിന്റെ നേതൃത്വത്തിൽ പേരാമംഗലം, ഗൂരൂവായൂർ, മെഡിക്കൽ കോളജ് എസ് എച്ച്ഒമാരായ രാജേഷ് കെ. മേനോൻ,
കെ.സി. സേതു, പി.പി. ജോയി, എസ്ഐമാരായ ബാബുരാജൻ, രാജൻ വർഗീസ്, സിപിഒമാരായ രാകേഷ്, ഡിജോ ജേക്കബ്, ശ്രീജിത്ത് വർമ, ഷിനിൽ, ജോണ്സണ് പ്രസൂണ്‍, സജീവൻ, യതിന്ദ്രൻ, സന്ദീപ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ട്.