സ്വന്തം ലേഖകൻ
തൃശൂർ: കൈവിരലുകൾക്കു ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാർക്കും എഴുതാം. ബുദ്ധിശേഷി കുറഞ്ഞവർക്കും ഗണിതത്തിന്റെ സൂത്രങ്ങൾ പയറ്റാം. കിടപ്പുരോഗിയെ കിടക്കയിൽനിന്ന് അനായാസം ഉയർത്തി മാറ്റിക്കിടത്താം. വീൽചെയറിലേക്കു ജീവിതം ഒതുങ്ങിപ്പോയവർക്കു വിൽ ചെയറിൽത്തന്നെ കിടക്കുകയും നിന്നുകൊണ്ടു മുന്നോട്ടു പോകുകയും ചെയ്യാം.
ഭിന്നശേഷിയുള്ളവർക്കും അവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്കുമായി സംസ്ഥാന സർക്കാർ ഇതാദ്യമായി തൃശൂരിൽ ഒരുക്കിയ ’അവസരങ്ങളുടെ ആഘോഷം’ വിസ്മയക്കാഴ്ചകളുടെ പ്രദർശനംകൂടിയായി. ഇന്നലെ ഉച്ചയോടെയാണ് പരിപാടികൾ ആരംഭിച്ചത്. രാവിലെ മുതൽ വൈകുന്നേരം എട്ടുവരെയാണു പ്രദർശനവും സെമിനാറും ഒരുക്കിയിരിക്കുന്നത്.
ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും അവർക്ക് ഉപകരണങ്ങൾ നൽകുന്നതിനും സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് 850 കോടി രൂപയോളം നീക്കിവച്ചിട്ടുണ്ട്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ ഈ തക ഫലപ്രദമായി വിനിയോഗിക്കുന്നില്ല. ഉപകരണങ്ങൾ വാങ്ങാനുള്ള സഹായംതേടി ഭിന്നശേഷിയുള്ളവർ തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകുന്നുമില്ല.
അപേക്ഷ നൽകിയാൽതന്നെ എങ്ങനെ സഹായിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധികൃതർക്ക് അറിയുകയുമില്ല. ഈ അവസ്ഥയ്ക്കു പരിഹാരം കാണാൻകൂടിയാണ് ഉപകരണങ്ങൾകൂടി പരിചയപ്പെടുത്തുന്ന പ്രദർശനവും സെമിനാറും ഒരുക്കിയത്. വിരലുകൾക്കു ചലനശേഷിയില്ലാത്തവർക്ക് ഉപയോഗിക്കാവുന്ന പന്തിൽ ഘടിപ്പിച്ച പേനകൾ മുതലുള്ള ഇനങ്ങൾ ഇവിടെയുണ്ട്.
കുളിമുറിയിലും ഉപയോഗിക്കാവുന്ന വീൽ ചെയറുകളുമുണ്ട്. ശാസ്ത്രീയമായ ഫിസിയോതെറാപ്പി മാർഗനിർദേശങ്ങൾ നൽകുന്ന കംപ്യൂട്ടർ സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പരിശോധന സൗജന്യമാണ്. സംസ്ഥാന സാമൂഹ്യ നീതി വകുപ്പാണ് ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലുള്ള എൻഐപിഎംആറും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി ശക്തൻതന്പുരാൻ നഗറിൽ ആരംഭിച്ച ’അവസരങ്ങളുടെ ആഘോഷം’ സെറിബ്രൽ പാൾസി ദിനമായ ആറുവരെ തുടരും.
ഭിന്നശേഷി മേഖലയിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച സെമിനാറുകൾ, പ്രദർശനങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ ആവശ്യകതാ നിർണയ ക്യാന്പ്, സെറിബ്രൽ പാൾസിയോടു പൊരുതി ജീവിത വിജയം നേടിയവരെ ആദരിക്കൽ തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ പത്തിന് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. ഞായറാഴ്ച അവകാശങ്ങൾ സംബന്ധിച്ച സെമിനാറാണ്. ഉച്ചയ്ക്കു 11 ന് സമാപന സമ്മേളനത്തിൽ ജീവിത വിജയം നേടിയ സെറിബ്രൽ പാൾസി ബാധിതരെ ആദരിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.