തൊടുപുഴ: റോഡിൽ അഭിഭാഷകന്റെ മരണപ്പാച്ചിൽ; ആറ് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു.
വാഹനമോടിച്ച വാഴക്കുളം സ്വദേശി സൂര്യലാല്‍ പിടിയില്‍. ഇന്നലെ രാത്രി ഏഴോടെയാണ് കേസിനാസ്പദമായ സംഭവം.
വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസ് റോഡില്‍ പെട്രോള്‍ പമ്പിനു സമീപത്തുവച്ചാണ് കാര്‍ ആദ്യം ഇടിച്ചത്.
പാലാ ഭാഗത്തേക്കു കാറില്‍ അമിതവേഗത്തിലെത്തിയ സൂര്യലാല്‍ മൂന്നാറിലേക്കു പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ കാറിലിടിക്കുകയായിരുന്നു.
വാഹനം നിര്‍ത്താൻ തയാറാകാതിരുന്ന ഇയാള്‍ റോഡിലെ ഡിവൈഡറും ഇടിച്ചു തെറിപ്പിച്ചശേഷം പാഞ്ഞു.
തുടർന്നു മൂന്നു കാറുകളിലും പിക്ക് അപ്പ് വാനിലും ഇടിച്ചു. അവിടെനിന്നു പാഞ്ഞു ലോറിയിലും ഇടിച്ചശേഷവും നിര്‍ത്താതെ പോയ കാര്‍ കോലാനിക്കു സമീപമുള്ള പാലത്തിലെത്തിയപ്പോള്‍ ടയര്‍ പഞ്ചറായി നില്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിനെ വിവരം അറിയിച്ചു. അപകടകരമായ രീതിയില്‍ ബൈപ്പാസ് റോഡില്‍ വാഹനമോടിച്ച് അരമണിക്കൂറോളം ഇയാള്‍ പരിഭ്രാന്തി പടര്‍ത്തിയെന്ന് നാട്ടുകാരും കടയുടമകളും പറഞ്ഞു.
ഇയാൾ മദ്യലഹരിയിലായിരുന്നെന്ന നാട്ടുകാരുടെ ആരോപണത്തെ ത്തുടർന്ന് തൊടുപുഴ പോലീസ് ഇയാളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഇയാള്‍ ഓടിച്ച കാറിടിച്ച മുഴുവന്‍ വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.