കോട്ടയം: ബസ് ജീവനക്കാർക്കു പണവും പലവ്യഞ്ജന കിറ്റും സമ്മാനിച്ച് ബസുടമ. കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസുകളുടെ ഉടമയും കുറുപ്പന്തറയിലെ മലഞ്ചരത്ത് വ്യാപാരിയുമായ ചിറയിൽ ജെയ്മോനാണ് തന്റെ ബസ് ജീവനക്കാർക്കു പണവും പലവ്യഞ്ജന സാധനങ്ങളുടെ കിറ്റും സമ്മാനിച്ചത്.
ലോക്ക് ഡൗണിനെതുടർന്നു ജീവനക്കാർക്കു ജോലി ചെയ്യാനാകാത്ത സ്ഥിതിവിശേഷമുണ്ടായതോടെയാണ് അവശ്യ സാധനങ്ങളുടെ കിറ്റ് നല്കിയത്. ഇന്നലെ, ജെയ്മോന്റെ കുറുപ്പന്തറയിലെ വീട്ടിൽ വച്ച് പല സമയങ്ങളിലായിട്ടാണു ജീവനക്കാർക്കു കിറ്റുകൾ നല്കിയത്.
28 ബസുകളിലെ 100 തൊഴിലാളികൾക്കാണ് 1000 രൂപയും 1100 രൂപ വില വരുന്ന പലവ്യഞ്ജനത്തിന്റെ കിറ്റുകളും വിതരണം ചെയ്തത്. 10 കിലോഗ്രാം അരി, ഒരു കിലോ വീതം പഞ്ചസാര, വൻപയർ, സവാള, ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ, അരക്കിലോ വീതം ചെറുപയർ, പരിപ്പ്, കടല, 250ഗ്രാം തേയില, ഒരുകെട്ട് പപ്പടം, സാന്പാർപൊടി, സോപ്പുകൾ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ആദ്യ ഘട്ടമെന്ന നിലയിലാണു കിറ്റുകൾ നല്കിയതെന്നും ആവശ്യമായ സഹായങ്ങൾ തുടർന്നും നല്കുമെന്നും ജെയ്മോൻ പറഞ്ഞു.
നാളുകൾക്കു മുന്പു മുതൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കാൻസർ, കിഡ്നി രോഗികൾക്കും അന്ധ, ബധിര, മൂകർക്കും ആവേ മരിയ ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരുന്നു ജയ്മോൻ. ഭാര്യ : ഷിബി, മക്കൾ: ഡോ. മരിയ, അന്നമ്മ, എൽസ.