കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ക്ലാസ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനം പോലീസ് അടച്ചുപൂട്ടി. സിവില്‍ ഏവിയേഷന്‍ കോഴ്സ് സംബന്ധമായ ക്ലാസുകള്‍ നടത്തുന്ന തേവരയിലെ സ്ഥാപനത്തിനെതിരെയാണ് നടപടി.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ 40 ഓളം വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഇവിടെ ക്ലാസ് സംഘടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ എറണാകുളം സ്വദേശിയായ സ്ഥാപന ഉടമക്കെതിരെ പോലീസ് കേസെടുത്തു.
ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തിയാകാതെ സ്ഥാപനം ഇനി തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 5,000 രൂപ പിഴയും പോലീസ് ഈടാക്കും.
കോഴ്സ് സംബന്ധമായ ക്ലാസുകള്‍ ഓണ്‍ലൈനില്‍ സാധ്യമല്ലാത്തതിനാലാണ് സ്ഥാപനം തുറന്നതെന്നാണ് ഉടമയുടെ വാദം.
എന്നാല്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശനമായ നിര്‍ദേശം മുന്‍കൂട്ടി നല്കിയിട്ടുള്ളതിനാലാണ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു.