മലന്പുഴ കുന്പാച്ചി മലയിൽ കാൽവഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ 43 മണിക്കൂറിലെ അതിജീവനം വെള്ളിത്തിരയിൽ വിസ്മയിപ്പിച്ച 127 അവേഴ്സ് എന്ന ഹോളിവുഡ് ചിത്രത്തിലേക്കാണ് നോട്ടം എത്തിക്കുന്നത്.
അത് പറയുന്നത് ആരോണ്‍ റാൽസ്റ്റലിന്റെ ജീവിതവും. അതേ, റീലിലെ കാഴ്ച ചിലപ്പോഴൊക്കെ റിയലാണ്്…
മനുഷ്യന്റെ അതിജീവന പോരാട്ടങ്ങളുടെ നൂൽപാലത്തിലൂടെ സഞ്ചരിക്കുന്ന അനുഭവങ്ങൾ വെള്ളിത്തിരയിൽ പലപ്പോഴും വെളിച്ചപ്പെട്ടിട്ടുണ്ട്.
അസാധ്യമായി ഒന്നുമില്ലെന്നുള്ള ജീവിതമന്ത്രം ആപത്ഘട്ടങ്ങളിലും തീവ്രമായ സംഘർഷവേളകളിലും ജീവിതങ്ങളെ വിസ്മയിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നത് കാഴ്ചാനുഭവങ്ങളിൽ തെളിയുന്നതുമാണ്.
മലന്പുഴ ചേറാട് കുന്പാച്ചിമലയിൽ കാൽവഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ 43 മണിക്കൂർ ദുരിതം നമ്മളെ പ്രചോദിപ്പിക്കുന്നതും ഇതേ അനുഭവ പാഠങ്ങളിലേക്കാണ്.
രണ്ടു രാപകലുകളുടെ അതിജീവനത്തിന്റെ സംഭവങ്ങൾക്കു ലോകം ദൃക്സാക്ഷിയാകുന്പോൾ 23 വയസുകാരന്റെ നിസഹായാവസ്ഥ മുന്‍പു വെള്ളിത്തിര കാണിച്ചു തന്നിട്ടുണ്ട്, 127 അവേഴ്സ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ…
ബാബുവിന്റെ 43 മണിക്കൂർ
ചുട്ടുപൊള്ളുന്ന പകലും തണുത്തുറഞ്ഞ രാത്രിയുടെ ഭീകരതയും ഇടയ്ക്കിടയ്ക്കു വീശിയടിക്കുന്ന ശക്തമായ കാറ്റും… വിശപ്പും ദാഹവും പിടമുറുക്കുന്ന മണിക്കൂറുകൾ. .
കുടിക്കാൻ തുള്ളിവെള്ളമില്ല, ഭക്ഷണമില്ല! ഒന്നു മിണ്ടാനോ കരയാനോ പോലുമാകാതെ ചെങ്കുത്തായ മലയിടുക്കിൽ കുടുങ്ങിയ ചേറാട് ആർ. ബാബുവിന്റെ അതിജീവനം ആത്മവിശ്വാസത്തിന്റെ കരുത്തിലായിരുന്നു.
കഴിഞ്ഞ ഏഴിന് സുഹൃത്തുക്കൾക്കൊപ്പം കുന്പാച്ചിമല കയറിയിറങ്ങുന്നതിനിടെ ഉച്ചയ്ക്കു രണ്ടിനാണ് 400 മീറ്റർ താഴെ പാറയിടുക്കിലേക്കു വീഴുന്നത്.
മൊബൈൽ ഫോണിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു. ഒപ്പം തന്റെ ചിത്രങ്ങളും അയച്ചുകൊടുത്തു.
പിന്നീട് പോലീസ്, അഗ്നിരക്ഷാസേന, വനം- റവന്യു വകുപ്പ്, ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനത്തിനു മുതിർന്നെങ്കിലും ഇരുട്ടായതോടെ ഫലമുണ്ടായില്ല.
രക്ഷാപ്രവർത്തനം നിർത്തി സംഘം മലമുകളിൽ ക്യാന്പ് ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയും കൊച്ചിയിൽനിന്ന് കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്ടറുമെത്തി. ഡ്രോണ്‍ മുഖേന ഭക്ഷണമെത്തിക്കാനുള്ള ശ്രമം ശക്തമായ കാറ്റിൽ വിജയിച്ചില്ല.
പിന്നീട് ബംഗളൂരു, ഉൗട്ടി എന്നിവിടങ്ങളിൽനിന്നും കരസേനയുടെ സംഘം എത്തുകയും പുലർച്ചെ രക്ഷാ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
വടം കെട്ടിയിറങ്ങിയ കരസേനാംഗങ്ങൾ ബാബുവിനോട് സംസാരിച്ചശേഷം ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മനസിലാക്കി അടുത്തേക്ക് നീങ്ങി.
രണ്ടു മണിക്കൂർ നീണ്ട സാഹസിക പരിശ്രമത്തിൽ രാവിലെ ഒന്‍പതിന് അടുത്തെത്തിയ സൈനികൻ ബാബുവിനെ തൊട്ടു, വെള്ളം നൽകി. 43 മണിക്കൂറിനു ശേഷം ബാബു ദാഹജലം രുചിച്ചു. പിന്നീട് ബെൽറ്റിൽ കയർ ബന്ധിച്ച് മുകളിലേക്കുയർത്തി.
നെഞ്ചിടിപ്പോടെ കേരളം കാത്തുനിന്ന മണിക്കൂറുകളായിരുന്നു അത്. സൈന്യവും ദുരന്തപ്രതികരണ സേനയും എവറസ്റ്റ് കിഴടക്കിയവരും പർവതാരോഹകരും ഉൾപ്പെടെ വലിയ സംഘം കൈകോർത്തപ്പോൾ അതിദുഷ്കരമായി തുടർന്ന ദൗത്യം വിജയകരമായി പരിസമാപിച്ചു.
കേരളം കണ്ട അപൂർവമായ രക്ഷാദൗത്യം സന്പൂർണ വിജയം കണ്ടപ്പോൾ ബാബുവിന്റെ മനോധൈര്യവും ഇച്ഛാശക്തിയും അതിൽ തെളിഞ്ഞുനിന്നു. രാവിലെ 10.20ന് ബാബുവുമായി സൈനികസംഘം മലമുകളിലെത്തി.
127 അവേഴ്സിന്റെ ചരിത്രം
ബാബുവിന്റെ അതിജീവനം ഓർമപ്പെടുത്തിയ 127 അവേഴ്സ് 2010 ൽ ഡാനി ബോയ്ൽ സംവിധാനം ചെയ്ത ലോകോത്തര ശ്രദ്ധ നേടിയ ചിത്രമാണ്.
പാറകൾക്കിടയിൽ കൈ കുടുങ്ങി അഞ്ചു ദിവസം മലഞ്ചെരുവിൽ കുടുങ്ങിക്കിടന്ന പർവതാരോഹകൻ ആരോണ്‍ റാൽസ്റ്റണിന്റെ ജീവിതത്തിലെ യഥാർഥ സംഭവം ആസ്പദമാക്കിയുള്ളതാണു ജയിംസ് ഫ്രാങ്കോ അഭിനയിച്ച ചിത്രം.
മികച്ച നടൻ, സിനിമ ഉൾപ്പെടെ ആറ് അക്കാദമി നോമിനേഷൻസ് ലഭിച്ച ചിത്രമാണ് 127 മണിക്കൂർ. പാറക്കെട്ടിൽ കൈ കുടുങ്ങിയ യുവാവ് പിന്നീട് കൈപ്പത്തി മുറിച്ചുകളഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു കയറുന്നതാണ് ഇതിവൃത്തം.
പർവതാരോഹകനും അമേരിക്കൻ മെക്കാനിക്കൽ എൻജിനിയറും മോട്ടിവേഷണൽ സ്പീക്കറുമായ ആരോണ്‍ റാൾസ്റ്റണ് എഴുതിയ ‘ബിറ്റ്് വീൻ എ റോക്ക് ആന്റ് എ ഹാർഡ് പ്ലേസി’നെ ആസ്പദമാക്കിയുള്ളതാണ് 127 അവേഴ്സ് എന്ന സിനിമ.
ഡാനി ബോയിൽ ഒരുക്കിയ ചിത്രത്തിൽ ജെയിംസ് ഫ്രാങ്കോയാണ് ആരോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. കേറ്റ് മരാ, ആന്പർ ടിബ്ലിൻ, ലിസി കാപ്ലൻ, കേറ്റ് ബർട്ടൻ, ട്രീറ്റ് വില്ല്യംസ് എന്നിവർ മറ്റു കഥാപാത്രങ്ങളായി.
ചിത്രത്തിൽ ആരോണ്‍ അതിഥി കഥാപാത്രമായും എത്തുന്നുണ്ട്. എ.ആർ. റഹ്മാന്റെ സംഗീതം ചിത്രത്തിന്റെ മറ്റൊരു ആകർഷക ഘടകമായിരുന്നു.
ഒരിറ്റു വെള്ളത്തിനായും സഹായത്തിനായും കരഞ്ഞു നിലവിളിക്കുന്ന പരിതാപകരമായ ഏകാന്തതയെ അതിന്റെ പരകോടിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ നടൻ ഫ്രാങ്കോയ്ക്കു കഴിഞ്ഞു.
ഒരു കല്ലിനും ദുർഘട സ്ഥലത്തിനും ഇടയിൽ എന്ന ആരോണ്‍ റാൽസ്റ്റണിന്റെ ആത്മകഥ ബെസ്റ്റ് സെല്ലറായി ശ്രദ്ധ നേടിയതാണ്.
സംവിധായകൻ ഡാനി ബോയ്ൽ തന്നെ പ്രചോദിപ്പിച്ച കഥ സിനിമയാക്കിയപ്പോൾ യാഥാർഥ സംഭവത്തിന്റെ തീവ്രതയ്ക്ക് ഒട്ടും മാറ്റു കുറഞ്ഞില്ല.
ചിത്രം പ്രദർശിപ്പിച്ച ചലച്ചിത്രമേളകളിൽ വലിയ സ്വീകാര്യതയും പ്രശംസയും ലഭിച്ചു. വാണിജ്യപരവും കലാപരവുമായ വിജയമാണെങ്കിലും ചിത്രം വിവാദങ്ങളും സൃഷ്ടിച്ചു. അവസാന രംഗങ്ങളിലെ കൈ ഛേദിക്കൽ രംഗത്തിന്റെ തീവ്രത കാഴ്ചക്കാരെ തളർത്തി.
പിന്നീട് പ്രദർശിപ്പിച്ച ചില രാജ്യങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് സിനിമയിൽനിന്ന് ആ രംഗം ചെറുതാക്കാനോ ഇല്ലാതാക്കാനോ ആവശ്യപ്പെടുകയും ചെയ്തു.
മാരകമായ ഒരു സാഹചര്യത്തെ അതിജീവിക്കാനുള്ള ഒരു വ്യക്തിയുടെ സ്ഥിരോത്സാഹമാണ് ചിത്രം പകർത്തിയത്.
നായകന് നേരിടേണ്ടിവന്ന സമാന അനുഭവങ്ങൾ ഒഴിവാക്കാൻ സുരക്ഷിതമായി യാത്ര തുടരുന്നതിനെക്കുറിച്ചും പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നതിനെക്കുറിച്ചും ആളുകളെ ബോധവത്കരിക്കാനും സിനിമ ശ്രമിക്കുന്നു.
ആരോണ്‍ റാൽസ്റ്റണിന്റെ ജീവിതം
1975 ഒക്ടോബർ 27ന് അമേരിക്കയിലെ ഒഹായോയിൽ ലാറി റാൽസ്റ്റണ് – ഡോണ റാൽസ്റ്റണ് ദന്പതികളുടെ ഇടത്തരം കുടുംബത്തിലാണ് ആരോണ്‍ ജനിച്ചത്.
ആരോണിന് 12 വയസുള്ളപ്പോൾ കുടുംബം കൊളറാഡോ സംസ്ഥാനത്തേക്ക് മാറി. പുതിയ വീട്ടിൽ മലയിടുക്കുകളിലൂടെയുള്ള കാൽനട യാത്രകളോടുള്ള താത്പര്യം അദ്ദേഹം വളർത്തിയെടുത്തു.
പിറ്റ്സ്ബർഗിലെ കാർനെഗി മെലോണ്‍ സർവകലാശാലയിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ സ്പെഷലൈസേഷൻ നേടി. പുതിയ ഭാഷകളും സംഗീതവും പഠിക്കുന്നതിലും വൈദഗ്ധ്യമുണ്ടായിരുന്നു.
ഒപ്പം കായികപ്രേമിയുമായിരുന്നു. പ്രകൃതിയോടുള്ള തീവ്രസ്നേഹിയെന്നാണ് സുഹൃത്തുക്കൾ അവനെ ഓർക്കുന്നത്.
പർവതാരോഹണത്തോടുള്ള താത്പര്യം അദ്ദേഹത്തിന്റെതന്നെ വാക്കുകളിൽ നിത്യമായ സമാധാനം നൽകുന്നുവെന്നാണ്. മുഴുവൻസമയ എൻജിനിയറായി ജോലി ചെയ്തെങ്കിലും പ്രഫഷണൽ പർവതാരോഹകനാകാനായിരുന്നു ആഗ്രഹം.
ആരോണ്‍ റാൽസ്റ്റണിന്റെ ജീവിതം മാറ്റിമറിച്ച അപകടം 2003 ഏപ്രിൽ 26-നാണ് സംഭവിച്ചത്. കാൻയോണ് ലാൻഡ്സ് നാഷണൽ പാർക്കിൽ മൗണ്ടൻ ബൈക്ക് യാത്രയ്ക്കു ശേഷം കാൽനടയായി മലയിടുക്ക് പര്യവേക്ഷണം ചെയ്യാൻ യാത്ര തിരിച്ചു.
പെട്ടെന്ന് അവന്റെ പാതയിലൂടെ ഒരു വലിയ പാറ അയഞ്ഞുവന്നു, ആരോണിനു നേരേ പാഞ്ഞടുത്തു. വലതുകൈ മലയിടുക്കിലെ മതിലിനോട് ചേർന്ന് പാറ തറഞ്ഞുനിന്നു.
പാറയുടെ ഭാരം ഏകദേശം 450 കിലോഗ്രാമാണ്. മോചിപ്പിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നുള്ള തിരിച്ചറിവിൽ വലതു കൈ പൂർണമായും നിശ്ചലമാക്കി.
ഒറ്റയ്ക്ക് യാത്ര തിരിച്ചതിനാൽ റാൽസ്റ്റണിനെ സഹായിക്കാനും ആരുമില്ലായിരുന്നു. കല്ലിന്റെ കെണിയിൽനിന്ന് കൈ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. പർവതത്തിൽ ഒരു ദിവസം മാത്രം താമസിക്കാൻ പദ്ധതിയിട്ടിരുന്നതിനാൽ രണ്ട് എനർജി ബാറുകൾക്കൊപ്പം 350 മില്ലി വെള്ളം മാത്രമാണ് കരുതിയിരുന്നത്.
കയ്യിലുണ്ടായിരുന്ന പോക്കറ്റ് കത്തിയുപയോഗിച്ച് പകൽ സമയത്ത് സ്വയം മോചിപ്പിക്കാൻ ശ്രമിച്ചു, രാത്രിയിൽ സഹായത്തിനായി നിലവിളിച്ചു.
രാത്രിയുടെ നിശബ്ദത നിലവിളി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. നിർഭാഗ്യവശാൽ, ആളൊഴിഞ്ഞ പ്രദേശമായതിനാൽ മറ്റാരും ശബ്ദം കേട്ടിരുന്നില്ല.
താൻ തനിച്ചാണെന്നു മനസിനെ പാകമാക്കിയ ആരോണ്‍ കാംകോർഡർ ഉപയോഗിച്ച് തന്റെ വീഡിയോ ഡയറി റെക്കോർഡ് ചെയ്തിരുന്നു.
ആ അഞ്ച് ദിവസങ്ങളിൽ ഭക്ഷണവും ശേഷിക്കുന്ന 300 മില്ലി വെള്ളവും ആരോണ്‍ ഉപയോഗിച്ചു. രാത്രിയിൽ ചൂട് നിലനിർത്താൻ പാടുപെട്ടപ്പോൾ വെള്ളം തീർന്നതോടെ തന്റെ മൂത്രം കുടിക്കാനും നിർബന്ധിതനായി.
അഞ്ചാം ദിവസമെത്തിയപ്പോഴേക്കും പാറയിൽ കുടുങ്ങിയ കൈകൾ രക്തയോട്ടമില്ലാതെ നിർജീവമായ അവസ്ഥയിലെത്തിയെന്ന് ആരോണ്‍ മനസിലാക്കി.
സ്വയം മോചിപ്പിക്കുന്നത് അസാധ്യമാണെന്നും സഹായം ചോദിക്കുന്നതിൽ അർഥമില്ലെന്നും ആരോണിന് ബോധ്യപ്പെട്ടു. അരോണിന്റെ വാക്കുകളിൽ, മരിക്കാൻ തയാറായി…
പേരും ജനനത്തീയതിയും മരണത്തിന്റെ ഏകദേശ തീയതിയും അവൻ കല്ലിൽ കൊത്തിയിട്ടു. പിറ്റേന്ന് അതിരാവിലെ എഴുന്നേൽക്കില്ലെന്ന് ബോധ്യപ്പെട്ട് അഞ്ചാം നാൾ രാത്രി ഉറങ്ങാൻ ശ്രമിച്ചു.
കൈത്തണ്ട കീറി സ്വയം മോചിപ്പിക്കാമെന്ന വിചിത്രമായ ആശയത്തിലേക്ക് അദ്ദേഹം അദ്ഭുതകരമായി ഉണർന്നു. പക്കലുണ്ടായിരുന്ന ചെറിയ കത്തി രക്തയോട്ടം നിലച്ച കൈയുടെ മാംസത്തിലേക്ക് കുത്തിയിറക്കി. കത്തികൊണ്ട് മാസവും ഞരന്പും എല്ലുകളും മുറിച്ചു.
അറത്തുമാറ്റിയ കൈയിൽ തുണി ചുറ്റി ഒറ്റകൈയിൽ താങ്ങി വേദനയോടെ നടന്നു. അതിയായ രക്തസ്രാവം. ഭാഗ്യവശാൽ ഒരു കുടുംബം അവനെ കണ്ടു.
ഭക്ഷണവും വെള്ളവും നൽകിയതിനു ശേഷം ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ രക്തത്തിന്റെ 25 ശതമാനത്തോളം നഷ്ടപ്പെട്ടതിനാൽ ഡോക്ടർമാർ അടിയന്തിര പരിചരണം നൽകി.
പ്രചോദനമാകുന്ന ജീവിതങ്ങൾ
ആരോണ്‍ റാൽസ്റ്റണിന്റെ കഥ പരസ്യമായപ്പോൾ ലോകം അയാളെ നായകനാക്കി വാഴ്ത്തി. നിരവധി ടോക്ക് ഷോകളിൽ ആരോണ്‍ പ്രത്യക്ഷപ്പെട്ടു.
2003 ജൂലൈയിൽ അദ്ദേഹം ലേറ്റ് നൈറ്റ് ഷോയിലേക്ക് എത്തിയതോടെ ആരോണിന്റെ കഥ രാജ്യാതിർത്തി കടന്ന് പ്രശസ്തി നേടി.
പിന്നീട് മോട്ടിവേഷണൽ സ്പീക്കറായി ദേശീയ അന്തർദേശീയ പരിപാടികളിൽ സംസാരിക്കുന്നതിലും അദ്ദേഹം കരിയർ ആരംഭിച്ചു. എങ്കിലും പർവതാരോഹണം ജീവവായു ആയിരുന്നു. കൃത്രിമ കൈയുടെ സഹായത്തോടെ അദ്ദേഹം മലകയറ്റം തുടർന്നു.
ജീവിതത്തിലെ വഴിത്തിരിവിനു ശേഷം, ആരോണ്‍ റാൽസ്റ്റണ് ലോകമെന്പാടുമുള്ള നിരവധി ആളുകൾക്ക് ആരാധനാ പുരുഷനും പ്രചോദനവുമായി മാറി.
2005 ൽ അമേരിക്കൻ കൊളറാഡോയിലെ പതിനാലു പേർ എന്നറിയപ്പെടുന്ന പർവതനിര കീഴടക്കിയ ലോകത്തിലെ ആദ്യ വ്യക്തി എന്ന ബഹുമതിയും അദ്ദേഹം നേടി.സംഘർഷവേളകളിൽ താനെ ഉരിത്തിരിയുന്ന കരുത്തിന്റെ ഉറവിടം ഒരുവന്റെയുള്ളിൽ നിന്നു തന്നെയാണ്. താൻ തനിച്ചാണ്,
മുന്നോട്ടു പോകണം എന്നുള്ള തിരിച്ചറിവ് നിരാശയുടെ ഇരുട്ടിലും വെളിച്ചം തേടാൻ പ്രേരിപ്പിക്കുന്നത് ആ കരുത്തിനാലാണ്. പ്രത്യാശയുടെ പടവുകളിലൂടെ പുതിയ ജീവിതത്തിലേക്കു പറന്നുയരാൻ അത് പ്രാപ്തനാക്കും.
അതിജീവനത്തിനായുള്ള ജീവന്മരണ പോരാട്ടങ്ങളുടെ നൂൽപ്പാലത്തിലൂടെ ആരോണ്‍ റാൽസ്റ്റണും ബാബുവും കടന്നു പോയ നിമിഷങ്ങൾ നമ്മുടെയുള്ളിലും പകരുന്ന ചൈതന്യം ഒന്നുതന്നെയാണ്, ഉള്ളിൽ തുടിക്കുന്ന ജീവനാണ് യഥാർഥ അസ്തിത്വമെന്ന തിരിച്ചറിവ്.
ഒരു പ്രതിസന്ധിക്കും ഒരു മലയിടുക്കിനും ഒരു കല്ലിനും നമ്മുടെ യാത്രയെ അവസാനിപ്പിക്കാനാവില്ല… അതിജീവനത്തിന്റെ വിശാലമായ ആകാശത്തേക്കാണ് നാം പറന്നുയരുന്നത്….
ലിജിൻ കെ. ഈപ്പൻ