മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണ്. റിലീസാകുന്ന ചിത്രങ്ങളിൽ മിക്കതും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാകുന്നു. മലയാളസിനിമയ്ക്ക് തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമടക്കം ആരാധകരുണ്ടാകുന്നു. മിക്ക ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ ഇടം നേടുന്നു. ഇതൊക്കെ പോരേ മലയാളസിനിമയെ ആവോളം പ്രശംസിക്കാൻ.
റിലീസ് ചെയ്ത് 11-ാം ദിനം വൈകുന്നേരത്തോടെയാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ കയറിയത്. ആദ്യമായാണ് ഒരു ഫഹദ് ഫാസിൽ ചിത്രം നൂറുകോടിയിലേയ്ക്കെത്തുന്നത്.
കേരളത്തിൽ നിന്നു മാത്രം ചിത്രം വാരിയത് 39 കോടിയാണ്. കർണാടകയിൽ നിന്നും അഞ്ച് കോടി, തമിഴ്നാട്ടിൽ നിന്നും 4.9 കോടി, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ട് കോടി. ഇന്ത്യയിൽ നിന്നും 51 കോടിയാണ് ചിത്രം നേടിയത്. വിദേശത്തുനിന്നും 41 കോടിയും സിനിമ വാരിക്കൂട്ടി.
ഇതോടെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിൽ ഏഴാം സ്ഥാനം ആവേശം സ്വന്തമാക്കി. റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയിരുന്നു. തുടർച്ചായി പത്ത് ദിവസവും മൂന്ന് കോടിക്കു മുകളിൽ കളക്ഷനാണ് കേരളത്തിൽ നിന്നു മാത്രം സിനിമയ്ക്കു ലഭിച്ചത്.
ആദ്യ ദിവസം കേരളത്തിൽ നിന്നും 3.5 കോടി വാരിയപ്പോൾ ആഗോള കളക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കലക്ഷൻ പത്ത് കോടിയായി സിനിമ നില നിർത്തി. ഞാൻ പ്രകാശൻ ആണ് ഫഹദ് ഫാസിലിന്റെ ആദ്യ അൻപത് കോടി ചിത്രം.
അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.