ഷാജിമോന്‍ ജോസഫ്
കൊച്ചി: ഡിസിസി പുനസംഘടനയെച്ചൊല്ലി കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കളുടെ പരാതിയും പ്രതിഷേധങ്ങളും അവണിച്ചു മുന്നോട്ടുപോകുമ്പോള്‍തന്നെ,
കോണ്‍ഗ്രസ് വിട്ട പാലക്കാട് ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ ഊര്‍ജിതനീക്കവുമായി നേതൃത്വം.
കെപിസിസി പ്രസിഡന്റുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഗോപിനാഥിനെ എത്രയും വേഗം തിരിച്ചുകൊണ്ടുവരാന്‍ കെ. സുധാകരന്‍തന്നെ മുന്‍കൈയെടുത്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
പാലക്കാട് ജില്ലയില്‍ വലിയ ജനകീയാടിത്തറയുള്ള ഗോപിനാഥിനെ സിപിഎം പാളയത്തിലെത്താക്കാന് അദേഹവുമായി നല്ല ബന്ധമുള്ള എ.കെ. ബാലന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ചരടുവലി നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കാനുള്ള ഊര്‍ജിത ശ്രമം.
ഗോപിനാഥ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെ അദേഹത്തിന് കോണ്‍ഗ്രസ് വിടാനാകില്ലെന്ന് സുധാകരന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
സുധാകരന് ക്ഷീണം
ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹവുമായി ഫോണിലൂടെയും നേരിട്ടും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
ഒരു കാരണവശാലും അദേഹം സിപിഎമ്മില്‍ ചേരുന്ന സാഹചര്യമുണ്ടാകരുതെന്നാണ് സുധാകരന് തന്റെ വിശ്വസ്തര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഗോപിനാഥിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഗോപിനാഥ് പാര്‍ട്ടി വിട്ടത് സുധാകരനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായും വലിയ ക്ഷീണമാണ്.
സിപിഎമ്മില്‍ ചേരുന്ന സാഹചര്യംകൂടി ഉണ്ടായാല്‍ അത് സുധാകരന് ഇരട്ടപ്രഹരമാകും. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനാണ് തിരക്കിട്ട ചര്‍ച്ചകളും നീക്കങ്ങളും.
കെപിസിസി പുനസംഘടനയില്‍ ഗോപിനാഥിന് കാര്യമായ പരിഗണന നല്‍കുമെന്നും സൂചനയുണ്ട്.
നീതികിട്ടിയില്ല
മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി ഇടഞ്ഞുനിന്ന ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി അന്ന് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന സുധാകരനെയായിരുന്നു.
ഉമ്മന്‍ ചാണ്ടി ഫോണില്‍ വിളിച്ചു പറഞ്ഞിട്ടും അന്ന് വഴങ്ങാതിരുന്ന ഗോപിനാഥ്, സുധാകരന് നേരിട്ടെത്തി ചര്‍ച്ച നടത്തിയപ്പോള്‍ പ്രതിഷേധത്തിനു ബ്രേക്കിട്ടു.
സുധാകരന് കെപിസിസി പ്രസിഡന്റായശേഷവും തനിക്ക് നീതി കിട്ടിയില്ലെന്ന തോന്നലാണ് അദേഹത്തെ ഏറെ വിഷമത്തോടെയെങ്കിലും പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്.
എന്നാല്‍ ഡിസിസി പുനസംഘടനയെച്ചൊല്ലി മറ്റു ചില നേതാക്കളെപോലെ കോണ്‍ഗ്രസ് നേതൃത്വത്തെയോ ഹൈക്കമാന്‍ഡിനേയോ കുറ്റം പറയാനോ പ്രകോപിപ്പാക്കാനോ ഗോപിനാഥ് തുനിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.
അനില്‍ അക്കരയുടെ പ്രകോപനപരമായ പ്രസ്താവനയോടു മാത്രമാണ് ഗോപിനാഥ് രൂക്ഷമായി പ്രതികരിച്ചത്. അതിനാല്‍തന്നെ സുധാകരനു മാത്രമല്ല, വേണുഗോപാലിനും ഹൈക്കമാന്‍ഡിനും പോലും അദേഹത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആഗ്രഹമുണ്ട്.
അനിൽകുമാറും ശിവദാസൻനായരും കാത്തിരിക്കണം
അതേസമയം പുനസംഘടനയുടെ പേരില്‍ പൊട്ടിത്തെറിക്കുകയും നേതൃത്വത്തേയും ഹൈക്കമാന്‍ഡിനേയും വിമര്‍ശിക്കുകയും ചെയ്ത കെ.പി. അനില്‍കുമാറിനെയും കെ.ശിവദാസന്നായരേയും സസ്പെന്‍ഡ് ചെയ്ത നടപടി തലത്കാലം പിന്‍വലിക്കേണ്ടെന്നാണ് തീരുമാനം.
ഇവരുടെ സസ്പെന്ഷന് പിന്‍വലിപ്പിക്കാന്‍ ഗ്രൂപ്പ് നേതാക്കള്‍ വലിയ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഹൈക്കമാന്‍ഡിനേയും വേണുഗോപാലിനെ പേരെടുത്തും വിമര്‍ശിച്ച ഇവര്‍ക്ക് കുറേക്കൂടി കാത്തിരിക്കേണ്ടവരും.