വാഷിംഗ്ടൻ: അവിഹിതബന്ധ ആരോപണത്തിൽ കുടുങ്ങിയ യുഎസ് ഹൗസ് പ്രതിനിധി കാത്തി ഹിൽ രാജിവച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു ഹില്ലിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. കലിഫോർണിയ 25-ാം കോണ്‍ഗ്രഷണൽ ഡിസ്ട്രിക്റ്റിൽനിന്നുള്ള പ്രതിനിധിയാണു ഹിൽ.
സ്റ്റാഫിലെ ഒരംഗവുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടതാണു മുപ്പത്തിരണ്ടുകാരിയായ ഹില്ലിന്റെ രാജിയിൽ കലാശിച്ചത്. ട്വിറ്ററിലായിരുന്നു രാജി പ്രഖ്യാപനം. രാജ്യത്തിനായും സമൂഹത്തിനായും താൻ നല്ലതു ചെയ്തെന്നാണു വിശ്വസിക്കുന്നതെന്ന് രാജിക്കുറിപ്പിൽ ഹിൽ പറഞ്ഞു. അവിഹിത ബന്ധ ആരോപണത്തിൽ ഹില്ലിനെതിരേ ഹൗസ് എത്തിക്സ് കമ്മിറ്റിയുടെ അന്വേഷണം തുടരുകയാണ്. ഹില്ലും ഭർത്താവുമായുള്ള വിവാഹമോചന കേസ് നടക്കുന്നുണ്ട്.
കാത്തി ഹില്ലും ഓഫിസ് ജീവനക്കാരിയും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഒരു മാധ്യമം പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന സമയത്തു തനിക്കു തന്റെ പ്രചാരണവിഭാഗത്തിലെ യുവതിയുമായി ബന്ധമുണ്ടായിരുന്നതായി ഹിൽ സമ്മതിക്കുന്നുണ്ട്. എന്നാൽ ഇവരുമായി താൻ ലൈംഗിക ബന്ധം പുലർത്തിയിട്ടില്ലെന്നു ഹിൽ അവകാശപ്പെട്ടു.
കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടിയ ഹിൽ, ഭവന രഹിതരായവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഠടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. 2018-ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ സ്റ്റീവ് നൈറ്റിനെ പരാജയപ്പെടുത്തിയാണു യുഎസ് സെനറ്റിൽ എത്തിയത്.