മുംബൈ: ഭർത്താവ് സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയ യുവതി പരാതി നൽകാൻ അതിജീവിതയെ സഹായിച്ചു. 19 വയസുള്ള പെൺകുട്ടിയുടെ പരാതിയെത്തുടർന്നു ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിൽനിന്നുള്ള 24 കാരിയാണ് 32കാരനായ ഭർത്താവിനെ കുടുക്കിയത്.
ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്തപ്പോഴാണ് നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായി ഭാര്യ മനസിലാക്കിയത്.
ഇതേത്തുടർന്നു ബലാത്സംഗത്തിന് ഇരയായ കൗമാരക്കാരിയെ പരാതി നൽകാൻ സഹായിക്കുകയായിരുന്നു. പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. വ്യാജ പേരുകൾ ഉപയോഗിച്ചാണ് പ്രതി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ആത്മീയ പരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.
നേരത്തെ ലൈംഗിക പീഡനത്തിന് ഭാര്യ ഇയാൾക്കെതിരേ പരാതി നൽകിയിരുന്നു. ഭർത്താവിന് നിരവധി അവിഹിത ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് ഭാര്യ ഫോൺ ഹാക്ക് ചെയ്തത്. വാട്സാപ്പിൽ നിരവധി സ്ത്രീകളുമായുള്ള ഇയാളുടെ ബന്ധത്തിന് തെളിവേകുന്ന ചിത്രങ്ങൾ ലഭിച്ചു.