സ്വന്തം ലേഖകൻ
ചെറുതുരുത്തി: അവിവാഹിതയായ യുവതി പ്രസവിച്ച നവജാത ശിശു മരിച്ചു. കുഞ്ഞിനെ പോലീസ് കണ്ടെത്തിയത് ബാഗിൽ പൊതിഞ്ഞ നിലയിൽ. യുവതിക്കെതിരെ പോലീസ് കേസെടുത്തു.
മുള്ളൂർക്കര പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. ചാലക്കുടിയിൽ പിജിക്കു പഠിക്കുന്ന യുവതി ലോക്ഡൗണിനെ തുടർന്നു നാലുമാസമായി മുള്ളൂർക്കരയിലെ വീട്ടിലാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രാവത്തെ തുടർന്ന യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പരിശോധനയിൽ യുവതി പ്രസവിച്ചതായി മനസിലായ ഡോക്ടർ കുഞ്ഞിനെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഡോക്ടർ തന്നെ വിവരം പോലീസിലും അറിയിച്ചു.
പോലീസ് യുവതിയുടെ വീട്ടിലെത്തിയപ്പോൾ ബാഗിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവായ ആണ്‍കുട്ടിയെ കണ്ടെത്തി. കുഞ്ഞ് മരിച്ച നിലയിലായിരുന്നു.
വീട്ടിലെ കുളിമുറിയിലാണു യുവതി പ്രസവിച്ചതത്രെ. പ്രസവ വിവരം മറച്ചുവെച്ചതിനും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാതെ ഒളിപ്പിച്ചതിനും 22 കാരിയായ യുവതിക്കെതിരെ കേസെടുത്തു.
നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളു. പ്രസവത്തിനിടെ വന്ന അപാകതകൾ മൂലമാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.
ു