ന്യൂഡൽഹി: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട പി. വി അൻവറിന്റെ പ്രസ്താവനകളെ വിമർശിച്ച് സിപിഎം നേതാവ് എ. വിജയരാഘവൻ. അൻവർ ഇപ്പോൾ പ്രയാസത്തിലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധ ആകർഷിക്കുന്നതിന് മാധ്യമങ്ങളിൽ തലക്കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എംഡിഎം നവീൻ ബാബു മരണപ്പെട്ടിട്ട് ഇപ്പോൾ മാസങ്ങൾ കഴിഞ്ഞു. അതിനുശേഷം വെളിപാട് പോലെ അൻവർ ഇപ്പോൾ എന്തൊക്കെയോ പറയുകയാണ്. അതിൽ യാതൊരു ആത്മാർഥതയും ഇല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി. ശശിയാണ് ഇതിന് പിന്നിൽ എന്നല്ലേ പറഞ്ഞുള്ളൂ മുഖ്യമന്ത്രി ആണെന്ന് പറഞ്ഞില്ലാലോ എന്നായിരുന്നു അൻവറിന്റെ ആരോപണങ്ങളിൽ വിജയരാഘവന്റെ മറുപടി.
പല വാതിലുകൾ മുട്ടിയിട്ടും തുറക്കാത്തത്തിൽ, താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമമാണ് അൻവർ ഇപ്പോൾ നടത്തുന്നത്. ഡിഎംകെ പ്രവേശനം മുഖ്യമന്ത്രി അട്ടിമറിച്ചുവെന്ന ആൻവറിന്റെ ആരോപണത്തിൽ അൻവറിന് അദ്ദേഹത്തിന്റെ നിലപാട് അറിയിക്കാം. ഞങ്ങൾക്ക് പറയാൻ ഉള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.