മംഗലംഡാം: ബിഎസ് സി ഇലക്ട്രോണിക് ബിരുദധാരിയായ അൻവർ സാദിക്ക ്എന്ന ഇരുപത്തെട്ടുകാരൻ ഗവണ്മെന്റ് ജോലിക്കോ മറ്റോ കാത്തുനില്ക്കാതെ കൃഷിയിലൂടെ യുവാക്കൾക്കിടയിൽ താരമാകുകയാണ്. മംഗലംഡാം വീട്ടിക്കൽകടവ് ചാലിയതൊടിയിൽ അബ്ബാസിന്േറയും സുഹ്റാബീയുടേയും മൂന്ന് ആണ്മക്കളിൽ ഇളയവനാണ് അൻവർ സാദിക്ക്.
തൃശൂർ ജില്ലയിലെ വരന്തരപ്പള്ളിക്കാരാണ് അൻവറിന്റെ കുടുംബം. ചിമ്മിനിഡാമിലെ ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് ജീവനക്കാരനായിരുന്ന പിതാവിന് മംഗലംഡാമിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ കുടുംബത്തോടൊപ്പം ഇവിടെ സ്ഥിരതാമസമാക്കി. ചെറുപ്പംമുതലേ അൻവറിന് വീട്ടിലെ വളർത്തുമൃഗങ്ങളോടു ഏറെ താത്പര്യമായിരുന്നു.
ഉമ്മ സുഹ്റാബീ പശുവിനെ കറക്കുന്പോഴും അവയ്ക്ക് തീറ്റ കൊടുക്കുന്പോഴും ഉമ്മാന്റെ സഹായിയായി അൻവർ എപ്പോഴും കൂടെയുണ്ടാകും. നാലാംക്ലാസിൽ പഠിക്കുന്പോൾ മകന്റെ നിർബന്ധത്തിന് വഴങ്ങി സ്വന്തമായി ഒരാടിനെ വാങ്ങിക്കൊടുത്തു. എട്ടാം ക്ലാസിലെത്തുന്പോഴേയ്ക്കും അൻവർ സ്വന്തമായി ഒരു പശുവിനെ തന്നെ വാങ്ങി.കൂടാതെ കോഴി, താറാവ്, കാട തുടങ്ങി എല്ലാറ്റിന്റെയും ഉടമയായി ഈ യുവാവ്.
ഈ സമയത്താണ് പിതാവിന് സ്ഥലംമാറ്റം കിട്ടി മംഗലംഡാമിലെ പിഡബ്ലിയുഡി ക്വാർട്ടേഴ്സിലേക്ക് താമസം മാറുന്നത്.പുതിയ സ്ഥലത്ത് സൗകര്യങ്ങൾ കുറവാണെങ്കിലും തന്റെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാൻ അൻവർ തയാറായില്ല.
പഠിക്കാനും മിടുക്കനായിരുന്നു അൻവർ. പശുവിന് പുല്ലരിയാനും കൂട്ടുകാരോടൊപ്പം കളിക്കാനും എല്ലാത്തിനും സമയം കണ്ടെത്തി. ചുരുങ്ങിയ നാളുകൾക്കുള്ളിൽതന്നെ മംഗലംഡാമുകാർക്ക് പ്രിയപ്പെട്ടവനായി അൻവർ മാറി. സംഘടന പ്രവർത്തകനായും മദ്രസ മുഅല്ലിമായുമൊക്കെ നില്ക്കുന്നതിനിടയിൽ റിയൽ എസ്റ്റേറ്റും മറ്റുമായി നാട്ടിൽ സജീവമായി.
ചെറിയ നേട്ടങ്ങളൊക്കെ ഉണ്ടാക്കിയെങ്കിലും റബറിന്റെ വിലകുറഞ്ഞതോടെ പ്രതീക്ഷകളൊക്കെ തെറ്റി. ആ സമയത്താണ് വിദേശത്തേക്ക് ഒരു ചാൻസ് കിട്ടിപോയത്. മൂന്നാലുവർഷത്തിനുശേഷം ജോലിപ്രശ്നത്തിൽ തിരിച്ചുപോന്നു. ഇനി എന്തെന്ന് ചിന്തിച്ചിരിക്കെ ഒരു ഫാം തുടങ്ങിയാലോ എന്ന മോഹം മനസിലുദിച്ചത്.
പഴയ ബന്ധത്തിലുള്ള വടക്കഞ്ചേരിക്കാരൻ ഫിലിപ്പോസ് ചേട്ടനുമായി തന്റെ ആശയം പങ്കുവച്ചു. ഈ മിടുക്കനായ ചെറുപ്പക്കാരനെ നന്നായി അറിയുന്ന അദ്ദേഹം മംഗലംഡാമിനടുത്ത് ഒടുകൂർ ശിവൻകോവിലിലുള്ള തന്റെ നാലേക്കർ സ്ഥലം അൻവറിന് വിട്ടുകൊടുത്തു. ഈ സ്ഥലത്ത് കഠിനാധ്വാനത്തിലൂടെ തന്റെ ഭാവി കണ്ടെത്തുകയാണ് ഈ യുവാവ്.
ആറേഴു മാസത്തിനുള്ളിൽ പത്തോളം പശുക്കളും എരുമകളും ആടുകളും. വിവിധയിനം കോഴികളുമുണ്ട് അൻവറിന്റെ ഫാമിൽ. ഒന്നരഏക്കറോളം സ്ഥലത്ത് തീറ്റ പുല്ലും പയറും പാവലും നട്ടിട്ടുണ്ട്.
ബാക്കിയുള്ള സ്ഥലത്ത് വാഴയും കപ്പയും കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അത്യാവശ്യം കൈയിലുണ്ടായിരുന്നതും കുടുംബാധികളിൽനിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ വായ്പ വാങ്ങിയുമാണ് ഇത്രയൊക്കെ ചെയ്തത്. ഫാമിലെ പാലിന് ആവശ്യക്കാരേറെയാണ്. അത്യാവശ്യം അയൽവാസികൾക്ക് കൊടുത്ത് കഴിഞ്ഞാൽ ബാക്കിയുള്ള പാൽ മുഴുവൻ മംഗലംഡാം ക്ഷീരോത്പാദക സഹകരണ സംഘത്തിലാണ് കൊടുക്കുന്നത്. അതുകൊണ്ടുതന്നെ സംഘം ഭാരവാഹികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും നെന്മാറ ഡയറി ഡവലപ്പ്മെൻറ് ഉദ്യോഗസ്ഥരുമൊക്കെ ഫാം സന്ദർശിക്കുകയും പ്രോത്സാഹനം നല്കുകയും ചെയ്യുന്നുണ്ട്.
പറ്റാവുന്ന സഹായങ്ങളൊക്കെ ഡിപ്പാർട്ട്മെന്റിൽനിന്ന് ചെയ്ത് തരാമെന്നും പറഞ്ഞിട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് അൻവർ.ഉപ്പയും ഉമ്മയും ഒഴിവു സമയങ്ങളിലൊക്കെ വന്ന് സഹായിക്കും. ഝാർഖണ്ഡുകാരായ ദന്പതികളും ജോലിക്കായി ഫാമിലുണ്ട്. കാർഷിക മേഖലയിൽനിന്ന് എല്ലാവരും പുറംതിരിഞ്ഞു നടക്കുന്പോൾ തന്റെ സ്വന്തം ആത്മവിശ്വസംകൊണ്ട് ഈ മേഖലയിൽ വിജയക്കൊടി പാറിക്കുകയാണ് ഈ ഇലക്ട്രോണിക് ബിരുദധാരി.
നൂതനശാസ്ത്ര സാങ്കേതികവിദ്യകളെ കൂടി പ്രയോജനപ്പെടുത്തി മുന്നോട്ടുപോയാൽ കാർഷികമേഖലയെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അൻവർ പറയുന്നു.