‘ഞാന്‍ തകര്‍ന്നിട്ടില്ല! മോഷ്ടിച്ച പണത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

നോര്‍ത്ത് കരോളൈന: മോഷ്ടിച്ച പണത്തിന്‍റെ ഫോട്ടോകള്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്ത ആളെ പോലീസ് അറസ്റ്റു ചെയ്തു.

ഡയമണ്ട് പതിപ്പിച്ച വാച്ചും ഡിസൈനര്‍ വസ്ത്രങ്ങളുമൊക്കെ അണിഞ്ഞ് കൈയിൽ നൂറിന്‍റെ നോട്ടുകളുമൊക്കെയായി ‘ഞാന്‍ തകര്‍ന്നിട്ടില്ല’ എന്നര്‍ത്ഥം വരുന്ന ‘AWAB’ എന്ന ചുരുക്കപ്പേരുള്ള അടിക്കുറിപ്പുകളോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

നൂറു ഡോളറിന്‍റെ കെട്ടുകള്‍ കൈയില്‍ വച്ച് ഫോട്ടോകളെടുത്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും “I make it look easy but this s**t really a PROCESS.” എന്ന് എഴുതിയതുമൊക്കെയാണ് ഹെന്‍‌ഡേഴ്സണെ കുടുക്കാന്‍ സഹായകമായതെന്ന് പോലീസ് പറഞ്ഞു.

താന്‍ ജോലി ചെയ്തിരുന്ന വെല്‍സ് ഫാര്‍ഗോ ബാങ്കിന്‍റെ ലോക്കറില്‍ നിന്നാണ് പണം മോഷ്ടിച്ചതെന്ന് പ്രതിയായ അര്‍ലാന്‍ഡോ ഹെന്‍ഡേഴ്സണ്‍ സമ്മതിച്ചതായി പോലീസ് പറയുന്നു. ഏകദേശം 88,000.00 ഡോളറാണ് പല തവണകളായി ഹെന്‍‌ഡേഴ്സണ്‍ മോഷ്ടിച്ചത്.

ഇക്കഴിഞ്ഞ ജൂണിലാണ് ഹെന്‍ഡേഴ്സണ്‍ പണം മോഷ്ടിക്കാന്‍ തുടങ്ങിയത്. ജോലിയുടെ ഭാഗമായി ലോക്കറിന്‍റെ താക്കോല്‍ കൈയിലുണ്ടായിരുന്നതാണ് മോഷ്ടിക്കാന്‍ എളുപ്പമായത്. പതിനെട്ടു തവണകളായിട്ടാണ് താന്‍ മോഷണം നടത്തിയതെന്ന് ഹെന്‍‌ഡേഴ്സണ്‍ പറഞ്ഞു. ബാങ്കില്‍ നിന്ന് മോഷ്ടിക്കുന്ന പണം തൊട്ടടുത്തുള്ള എടി‌എമ്മില്‍ കൂടി അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും പ്രതി പോലീസിനോടു സമ്മതിച്ചു.

കൃത്രിമമായി ഡെപ്പോസിറ്റ് സ്ലിപ്പുകളും മറ്റു രേഖകളുമുണ്ടാക്കി ആധികാരിക രേഖകള്‍ നശിപ്പിച്ചുകൊണ്ട് ഹെന്‍ഡേഴ്സണ്‍ ബാങ്കിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

ജൂലൈ മാസത്തില്‍ ഹെന്‍‌ഡേഴ്സന്‍ ഒരു കാര്‍ ഡീലര്‍ഷിപ്പില്‍ ചെന്ന് 2019 മെഴ്സിഡസ് ബെന്‍സ് കാര്‍ വാങ്ങാന്‍ 20,000 ഡോളര്‍ അഡ്വാന്‍സ് കൊടുത്തത് നൂറ് ഡോളറിന്റെ നോട്ടുകളായിരുന്നു. ബാക്കി തുകയ്ക്ക് ഒരു ഫിനാന്‍ഷ്യല്‍ കമ്പനിയുമായി കരാറുണ്ടാക്കാന്‍ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകളും ശമ്പള രസീതുമാണ് കൊടുത്തതെന്ന് പിന്നീട് കണ്ടെത്തിയതായി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ മറ്റു കുറ്റകൃത്യങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷ കൂടാതെ കള്ളപ്പണം വെളുപ്പിച്ചതിന് 10 വര്‍ഷം അധിക ജയില്‍ ശിക്ഷയും 250,000 ഡോളര്‍ പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ

Related posts