തൃശൂർ: കുടുംബശ്രീയാണ് ഞങ്ങളെ ജീവിപ്പിക്കുന്നത്, കുടുംബശ്രീ ഞങ്ങളുടെ പെറ്റമ്മയാണ്, ആത്മഹത്യയിൽ നിന്ന് പിടിച്ച് കയറ്റിയത് കുടുംബശ്രീയാണ്, ജീവിതവും മരണവും കുടുംബശ്രീയിൽ തന്നെ… കുടുംബശ്രീ പ്രതിധ്വനി ടോക് ഷോയിൽ പങ്കെടുത്തവരുടെ ഈ വാക്കുകൾ സദസ് നിറഞ്ഞ കൈയടിയോടെയാണ് ഏറ്റെടുത്തത്.
കൃഷിയെന്തെന്ന് കാണാത്ത, നെൽപ്പാടം എന്തെന്നറിയാത്ത നിലയിൽ നിന്നും ഏക്കർ കണക്കിന് പച്ചക്കറി കൃഷിയും, നെൽപ്പാടവും സ്വന്തമായും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവരാണ് ഇന്ന് കുടുംബശ്രീയംഗങ്ങൾ. സമൂഹത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന ഭയത്തെ മനസ്സിൽ നിന്നും കുടിയിറക്കി, രാജ്യമൊട്ടാകെ സഞ്ചരിക്കുന്നവരുമാണ് കുടുംബശ്രീക്കാർ….ഉറച്ച ശബ്ദത്തിൽ സ്ത്രീകൾ ഓരോരുത്തരായി പറഞ്ഞപ്പോൾ അത് കേട്ടിരുന്നവർക്കെല്ലാം ആവേശം പകരുന്നതായി.
കുടുംബശ്രീ ജെന്റർ വിഭാഗം സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പ്രതിധ്വനി ടോക് ഷോയുടെ ജില്ലാതല മത്സരത്തിലാണ് കുടുംബശ്രീയംഗങ്ങൾ അവരുടെ മനസ്സ് തുറന്നത്. ജില്ലയിലെ നൂറിലധികം പേരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനേഴ് പേരാണ് പ്രതിധ്വനി ടോക് ഷോയിൽ പങ്കെടുത്തത്. ഓരാൾക്ക് പത്ത് മിനുട്ടാണ് സമയം നൽകിയിരുന്നത്.
35 വയസ്സു മുതൽ 63 വയസ്സ് വരെയുളളവർതങ്ങളുടെ കുടുംബശ്രീ അനുഭവങ്ങൾ പങ്കുവെച്ചു. കുടുംബശ്രീയിൽ അംഗമായതിന് ശേഷമുളള ജീവിതാനുഭവങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പങ്കെടുത്തവരെല്ലാവരും ഗംഭീരമായി അവതരിപ്പിച്ചു. കൃഷിക്കാരനെ കല്യാണം കഴിക്കണം, അധ്വാനിച്ച് ജീവിക്കണം എന്നീ ആശയങ്ങൾ വിജയകരമായി പ്രാവർത്തികമാക്കിയ നടത്തറ സി.ഡി.എ.സിലെ ഷെർളി ബാബുവാണ് ടോക് ഷോയ്ക്ക് തുടക്കം കുറിച്ചത്.
കൃഷിയിലും ദാരിദ്രത്തിലും വളർന്ന, കൃഷിക്കാരനെ കല്യാണം കഴിക്കരുതെന്ന ആഗ്രഹമുണ്ടായിരുന്ന നടത്തറയിലെ ജെസി തെണ്ടയിടറിക്കൊണ്ടാണ് തന്റെ ജീവിതാനുഭവം പങ്കുവെച്ചത്. വട്ടിപ്പലിശക്കാരെ നാട്ടിൽ നിന്ന് തുരത്താൻ കഴിഞ്ഞവർ, തളർന്ന് കിടക്കുന്ന ഭർത്താവിനെ പരിചരിച്ചുകൊണ്ട് തന്നെ സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും സംരക്ഷിക്കുന്നവർ, പാലപ്പം ചുട്ട്, വിറ്റ് ജീവിതവിജയം കണ്ടവർ, കൗണ്സിലിംഗ് നൽകുന്നവർ, കായികമായി മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞവർ, മാനസികമായി തകർന്ന അവസ്ഥയിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റവർ, വിധവകൾക്ക് സ്വന്തമായി ബാങ്ക് തുടങ്ങിയവർ, ആടിനെവെട്ടി ഇറച്ചി വിൽക്കുന്നവർ, ജീവിത വിജയസൂചകമായി പെരുന്നാൾ നടത്തിയവർ, ഭർത്താവ് മരിച്ച സ്തംഭനത്തിൽ നിന്നും കുടുംബശ്രീ വഴി ജീവിതത്തിലേയ്ക്ക് കയറി വന്നവർ, കേരളത്തിന് പുറത്ത് കുടുംബശ്രീയുമായി ബന്ധപ്പെട്ട് ക്ലാസ്സെടുക്കുന്നവർ, കലാ ടീം സംഘടിപ്പിച്ചവർ, പട്ടികളെ വന്ധ്യംകരണം ചെയ്യാൻ സഹായിക്കുന്നവർ, സ്വയം തൊഴിലിനപ്പുറം നൂറുപേർക്കെങ്കിലും ജോലി കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവർ … എല്ലാവരും അവരുടെ അനുഭവങ്ങൾ ചുരുക്കി പറഞ്ഞു.
ഫോർച്യൂണർ ട്രെയ്നർ ദീപ എസ് നായർ ടോക് ഷോയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നമ്മനട കമ്മ്യൂണിറ്റി കൗണ്സിലർ ബിന്ദു വിൽസൻ രണ്ടാം സ്ഥാനവും ലഭിച്ചു. മൂന്നാം സ്ഥാനത്ത് വെള്ളാങ്കല്ലൂർ സി.ഡി.എസ് കാസ് അംഗം റസിയ അബുവും, നടത്തറ മാസ്്റ്റർ ഫാർമർ ജെസി ജോബും അർഹയായി. .
ഈ ടോക് ഷോയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ദീപ എസ് നായരും, ബിന്ദു വിൽസനും മാർച്ച് 22ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ടോക്ഷോയിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കാർഷിക സ്ത്രീ പഠന ഗവേഷണകേന്ദ്രം പ്രൊജക്ട് ഡയറക്ടർ പി.എസ്. ഗീതക്കുട്ടി, ശ്രീ കേരള വർമ്മ കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രഫസർ ദീപ നിശാന്ത്, ഐആർടിസി മുൻ രജിസ്ട്രാർ വി.ജി ഗോപിനാഥ് എന്നിവർ ടോക്ഷോയിൽ വിധികർത്താക്കളായി.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.വി ജ്യോതിഷ്കുമാർ, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.എ.ബൈജു മുഹമ്മദ്, അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.പി ജോസ്, ജില്ലാ പ്രോഗ്രാം മാനേജർ യു. മോനിഷ, സ്നേഹിത പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.