സ്വന്തം ലേഖകൻ
എറവ്: വയലിൻ തന്ത്രികളിലെ സ്വരമാധുര്യത്തിൽ ഇന്പം തോന്നി ശബ്ദത്തിന്റെ ഹൃദയതാളത്തിലേക്കുള്ള യാത്രയിൽ എറവ് ആറാംകല്ലിലെ ജയദേവൻ ചക്കാടത്തിനു ദേശീയ പുരസ്കാരത്തിന്റെ മാധുരം, ഇത് എറവ് ഗ്രാമത്തിനും മലയാളത്തിനുമുള്ള മധുരാദരം.ഡോ. ബിജു സംവിധാനംചെയ്ത “കാടുപൂക്കുന്ന നേരത്തി’ലെ ശബ്ദമിശ്രണത്തിനാണ് ജയദേവനു ദേശീയ പുരസ്കാരം ലഭിച്ചത്. സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ഇതേ സിനിമയ്ക്കു ശബ്ദമിശ്രണത്തിനും സൗണ്ട് ഡിസൈനിംഗിനുമുള്ള രണ്ട് അവാർഡുകൾ ലഭിച്ചിരുന്നു.
മലയാള സിനിമയിൽ ഡോ. ബിജു സംവിധാനംചെയ്ത സിനിമകളിലാണ് ജയദേവൻ ചക്കാടത്ത് ശബ്ദമിശ്രണം ചെയ്തിട്ടുള്ളത്. സിനിമയിലെ ശബ്ദസംവിധാനത്തിലെ പുതുമകളും പ്രകൃതിയെ തൊട്ടറിയുന്ന ശബ്ദതാളവുമാണ് ഇരുവരേയും ലയിപ്പിക്കുന്നത്.രണ്ടു ഡസനിലേറെ ഹിന്ദി ചിത്രങ്ങൾക്കു ജയദേവൻ ശബ്ദസംവിധാനമൊരുക്കിയിട്ടുണ്ട്. ഇതിലേറെയും ശ്രദ്ധേയമായ ഹിന്ദി സിനിമകളാണ്. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷാ സിനിമകളിലും സഹകരിച്ചിട്ടുള്ള ജയദേവൻ ഒരുപാട് പരസ്യചിത്രങ്ങൾക്കും ശബ്ദസംവിധാനമൊരുക്കി.
സാഹിത്യകാരനും സാന്ത്വന പ്രവർത്തകനുമായ കെ.അരവിന്ദാക്ഷന്റേയും റിട്ട. അധ്യാപിക വിജയലക്ഷ്മിയുടേയും മകനാണ്. കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ അവാർഡിനു പിതാവായ കെ.അരവിന്ദാക്ഷൻ അർഹനായെന്ന ഇരട്ടിമധുരവും ഈ കുടുംബത്തിനുണ്ട്.മനക്കൊടി സെന്റ് ജമ്മാസ് സ്കൂളിലെ റോസ്ലിനാണ് വിദ്യാർഥിയായിരുന്ന ജയദേവൻ ചക്കാടത്തിന്റെ താളബോധമറിഞ്ഞ് പ്രോത്സാഹനം നൽകിയത്.
സാഹിത്യകാരനായ കെ.അരവിന്ദാക്ഷൻ മകന്റെ കൊട്ടും പാട്ടവും താളവുമറിഞ്ഞ് ആദ്യം വയലിൻ പഠിപ്പിക്കാൻ വിട്ടു. കൊച്ചി യൂണിവഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയയാളാണ് ജയദേവൻ.
ശബ്ദസൗന്ദര്യത്തോടുള്ള ഇഷ്ടംമൂലം കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സൗണ്ട് ഡിസൈനിംഗിൽ ബിരുദം നേടി. അതോടെ ശബ്ദ-താള സൗന്ദര്യത്തിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു. സിനിമാതിരക്കുകൾക്കിടയിലും ബംഗളൂരുവിലെ സൃഷ്ടി കോളജിൽ ഫാക്കൽറ്റിയാണ് ജയദേവൻ.