കൊച്ചി: ചാനലുകൾ സംഘടിപ്പിക്കുന്ന അവാർഡ് നിശകളിലെ താരസാന്നിധ്യം അവസാനിപ്പിക്കമെന്ന കടുത്ത നിലപാടുമായി നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫിലിം ചേംബർ.
പ്രമുഖ സിനിമകളുടെ സാറ്റലൈറ്റ് അവകാശം മാത്രമാണ് ചാനലുകൾ ഏറ്റെടുക്കുന്നത് ആരോപിച്ചാണു ഫിലിം ചേംബർ ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. നേരത്തേ, താരനിശകളിൽ പങ്കെടുക്കരുതെന്നു കാണിച്ചുള്ള കത്ത് അമ്മ ഭാരവാഹികൾക്കു ചേംബർ അധികൃതർ നൽകിയിരുന്നു.
അവാർഡ് നിശകൾക്കൊണ്ടു സിനിമയുടെ നിർമാതാവിനും, വിതരണകാർക്കും യാതൊരു ഗുണവുമില്ലെന്നാണ് ഫിലിം ചേംബറിന്റെ പക്ഷം. സിനിമക്കാരെയും താരങ്ങളെയും വച്ചു കോടികൾ വാങ്ങുന്ന ചാനലുകൾ കഴിഞ്ഞ തവണ പ്രമുഖ അഭിനേതാക്കളുടെ 40 ചിത്രങ്ങൾ മാത്രമാണു സാറ്റ് ലൈറ്റ് റെയിറ്റ് നൽകി വാങ്ങിയത്. ഇതുമൂലം പുതുമുഖങ്ങളുമായും കൊച്ചു ചിത്രങ്ങളുമായും എത്തുന്നവർക്കു വലിയ നഷ്ടം സംഭവിക്കുകയാണ്.
ഇൗ സാഹചര്യത്തിൽ സിനിമകൾ എടുക്കാത്ത ചാനലുകളുമായി താരങ്ങൾ സഹകരിക്കേണ്ടന്നുള്ള നിലപാടാണു ഫിലിം ചേംബർ ഉയർത്തുന്നത്. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരണത്തിന് അമ്മയുടെ സെക്രട്ടറി ഇടവേള ബാബു തയാറായില്ല. യോഗത്തിൽ പങ്കെടുക്കുമെന്നും അതിനു ശേഷം അവിടെ നടക്കുന്ന ചർച്ചയ്ക്കു ശേഷം കാര്യങ്ങൾ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.