സിജോ പൈനാടത്ത്
കൊച്ചി: കണ്ണില്‍ ഇരുട്ടെങ്കിലും അനേകം വിദ്യാര്‍ഥികള്‍ക്കു വിദ്യയുടെ വെട്ടം പകര്‍ന്നു നല്കുന്ന കോളജധ്യാപകന് ഇന്നു കേരളത്തിന്റെ ആദരം. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച വികലാംഗ അധ്യാപകനുള്ള പുരസ്കാരം എറണാകുളം മഹാരാജാസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ സി.യു. പ്രിയേഷ് ഇന്ന് ഏറ്റുവാങ്ങും.
നാലാം വയസില്‍ അന്ധത പിടികൂടിയ ജീവിതത്തെ നിരാശയുടെ ഇരുട്ടിലേക്കു വിട്ടുകൊടുക്കാന്‍ തയാറാവാതെ നടത്തിയ പോരാട്ടം കൂടിയാണു പ്രിയേഷിന്റെ ഇന്നലെകള്‍. നിരാശയുടെയും പ്രതിബന്ധങ്ങളുടെയും കഠിനപാതകള്‍ താണ്ടി വിജയങ്ങളുടെ ഉയരങ്ങള്‍ സ്വന്തമാക്കിയ പ്രിയേഷ് മാഷ് വിദ്യാര്‍ഥികള്‍ക്കു മികച്ച രാഷ്ട്രമീമാംസ അധ്യാപകനപ്പുറം വഴികാട്ടിയാണ്, പ്രചോദനത്തിന്റെ പാഠപുസ്തകമാണ്. കാഴ്ചയുള്ളവര്ക്കിടയില് പഠനത്തിലും ജീവിതത്തിലും കാഴ്ചയില്ലാത്തവന് സ്വന്തമാക്കിയ വിജയഗാഥ തന്റെ ശിഷ്യഗണങ്ങള്‍ക്കു മുമ്പില്‍ പ്രിയേഷ് വിനയത്തോടെ പങ്കുവയ്ക്കും.
വല്ലാര്‍പാടം പനമ്പുകാട് ചൂതംപറമ്പില്‍ പ്രിയേഷ് മികവിന്റെ പഠനനാളുകള്‍ പൂര്‍ത്തിയാക്കി 2010ല്‍ തൃശൂര്‍ കേരളവര്‍മ കോളജിലാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. അടുത്തവര്‍ഷം കൊയിലാണ്ടി ഗവണ്മന്റ് കോളജിലും തുടര്‍ന്നു ചാലക്കുടി പനമ്പിള്ളി കോളജിലും ജോലി. വിദ്യാര്‍ഥിയായിരുന്ന മഹാരാജാസിലേക്ക് അധ്യാപകനായെത്തുന്നത് 2013ല്‍. കാഴ്ചയില്ലെങ്കിലും കാമ്പസിന്റെ ഹൃദയവും ആത്മാവും സൗന്ദര്യവുമെല്ലാം പ്രിയേഷിനും പ്രിയങ്കരവും സുപരിചിതവുമാണ്.
നിശ്ചിതസമയങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്റ്റാഫ് റൂമില്‍ നിന്നു ക്ലാസ് മുറിയിലേക്കു പ്രിയേഷിനെ കൈപിടിക്കും. ജ്വോസ് എന്ന സോഫ്റ്റ്വെയറുപയോഗിച്ചു ലാപ്ടോപിന്റെ സഹായത്തോടെയാണു പ്രിയേഷ് പഠിപ്പിക്കുന്നത്. നടക്കുമ്പോള്‍ മുമ്പിലുള്ള സ്ഥലങ്ങളും വസ്തുക്കളുമറിയാന് മൊബൈല്‍ ആപ്ലിക്കേഷന്‍ കൂട്ടിനുണ്ട്. കോളജില്‍ മൂന്നു ദേശീയ സെമിനാറുകള്‍ക്കു പ്രിയേഷ് കോ ഓര്‍ഡിനേറ്ററായിരുന്നു. കോളജിനു പുറത്തു ഐഎംജിയില്‍ ഉള്‍പ്പടെ ഇദ്ദേഹം ക്ലാസുകള്‍ നയിക്കുന്നുണ്ട്.
പ്രീഡിഗ്രി മുതല്‍ പിജി വരെ മഹാരാജാസിലെ വിദ്യാര്‍ഥിയായിരുന്നു പ്രിയേഷ്. 2003ല്‍ ഒന്നാം റാങ്കോടെ ഡിഗ്രി, 2005ല്‍ രണ്ടാം റാങ്കോടെ എംഎ. 2004ല്‍ കോളജ് യൂണിയന് ചെയര്മാന്. ബിഎഡും നെറ്റും ജെആര്‍എഫും സ്വന്തം. പിഎച്ച്ഡി പഠനം തുടരുന്നു.
കേരളത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കു സാമൂഹ്യനീതി ഇനിയും സ്വപ്നമാണെന്നാണു പ്രിയേഷിന്റെ പരിഭവം. സര്‍ക്കാരുകളും സന്നദ്ധസംഘടനകളും ഇക്കാര്യത്തില്‍ ശക്തമായ ചുവടുവയ്പുകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
നാലാം വയസിലെത്തിയ പനിയാണു പ്രിയേഷിന്റെ കാഴ്ച കെടുത്തിയത്. കോര്‍ണിയ മാറ്റിവച്ചെങ്കിലും ഫലിച്ചില്ല. മകന് പഠിച്ച് അധ്യാപകനാവണമെന്ന അമ്മ പ്രസന്നയുടെ ആഗ്രഹം പ്രിയേഷിനെ മുന്നോട്ടു നയിച്ചു. എല്‍പി സ്കൂള്‍ അധ്യാപകന് ലെനിന് മാഷ് വഴിതെളിച്ചു. പിന്നീടെല്ലാം വിജയവഴികള്‍. അമ്മ മരിച്ചു. ഭാര്യ അശ്വിനി, മകള്‍ തീര്‍ഥ, ഫാക്ടിലെ റിട്ടയേഡ് ജീവനക്കാരനായ പിതാവ് ഉഗ്രസേനന് എന്നിവരാണു പ്രിയേഷിന്റെ സന്തുഷ്ടകുടുംബത്തില്‍.