അമേരിക്കൻ അതിർത്തിയിൽ കുടിയേറ്റത്തിനിടെ പിടിയിലായ യുവതിയെ പോലീസ് ചോദ്യം ചെയ്യുമ്പോൾ സമീപമുണ്ടായിരുന്ന ഇവരുടെ കുട്ടി കരയുന്നതിന്റെ ചിത്രത്തിന് ലോക പ്രസ് ഫോട്ടോ പുരസ്ക്കാരം. ജോണ് മൂർ പകർത്തിയതാണ് ഈ ചിത്രം.
ലോകമെമ്പാടുമുള്ള 4,738 ഫോട്ടോഗ്രാഫർമാരുടെ 78,801 ചിത്രങ്ങളിൽ നിന്നുമാണ് ഏറെ ഹൃദയസ്പർശിയായ ഈ ചിത്രത്തെ തേടി പുരസ്ക്കാരമെത്തിയത്. അമേരിക്കൻ ഭരണകൂടം ഏറെ വിമർശനം ഏറ്റുവാങ്ങിയ ചിത്രമാണിത്.
സാന്ദ്ര സാഞ്ചസ് എന്നു പേരുള്ള യുവതിയും അവരുടെ മകൾ യനേലയുമാണ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നതിനിടെ മെക്സിക്കൻ അതിർത്തിയിൽ വച്ച് പോലീസിന്റെ പിടിയിലായത്. അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്ന് മകൾ യനേല പോലീസുകാരുടെ മുഖത്ത് നോക്കി കരയുന്ന ദൃശ്യങ്ങൾ ജോണ് മൂർ പകർത്തുകയായിരുന്നു.
അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രം വൈറലായി കത്തിപ്പടർന്നു. അനധികൃത കുടിയേറ്റക്കാരിൽ നിന്നും മക്കളെ വേർപിരിക്കുന്ന അമേരിക്കൻ നയത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾട്ട് ട്രംപ് നയത്തിൽ മാറ്റം വരുത്തിയത്.