ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ അമ്പരിപ്പിക്കുന്ന പ്രകടനം അയാക്സ് ആംസ്റ്റര്‍ഡാം തുടരുന്നു. പ്രീക്വാര്‍ട്ടറിലെ എവേ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ സാന്റിയാഗോ ബര്‍ണാബുവില്‍ തോല്‍പ്പിച്ച് മുന്നേറിയ അയാക്സ് ആ പ്രകടനം ടൂറിനിലും ആവര്‍ത്തിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റസ് എതിരാളികളായെത്തിയപ്പോള്‍ അയാക്സിന്റെ വന്‍ തോല്‍വി പ്രതീക്ഷിച്ചവരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് അയാക്സ് 1996-97 സീസണുശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെത്തി. ടൂറിനിലെ യുവന്റസ് സ്റ്റേഡിയത്തിലെ രണ്ടാംപാദ ക്വാര്‍ട്ടറില്‍ അയാക്സ് 2-1ന്റെ ജയം നേടി. അഗ്രഗേറ്റില്‍ 3-2ന് അയാക്സ് സെമിയില്‍.
രണ്ടാം പകുതിയില്‍ പുറത്തെടുത്ത പാസിംഗ് ഗെയിമാണ് അയാക്സിന്റെ യുവാക്കള്‍ നിറഞ്ഞ സംഘത്തെ ജയത്തിലെത്തിച്ചത്. 67-ാം മിനിറ്റില്‍ അയാക്സിന്റെ 19 വയസുള്ള ക്യാപ്റ്റന്‍ മത്യാസ് ഡി ലൈറ്റിന്റെ ഹെഡറിലാണ് അയാക്സ് വിജയിച്ചത്.
തുടര്‍ച്ചയായ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടം തേടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 28-ാം മിനിറ്റില്‍ തകര്‍പ്പനൊരു ഹെഡറിലൂടെ യുവന്റസിനെ മുന്നിലെത്തിച്ചു. ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ ആറാമത്തെയും ചാമ്പ്യന്‍സ് ലീഗിലെ 126-ാമത്തെയും ഗോളായിരുന്നു. റൊണാള്‍ഡോയുടെ കരിയറിലെ 98-ാമത്തെ ഹെഡര്‍ ഗോളായിരുന്നു അത്. എന്നാൽ, ആറു മിനിറ്റ് കഴിഞ്ഞ് ഡോണി വാന്‍ ഡെ ബീക് സന്ദര്‍ശകര്‍ക്കു സമനില നല്കി.
യുവന്റസിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. എമറെ കാനിന്റെ ഷോട്ട് അയാക്സിനെ ഞെട്ടിച്ചു. എന്നാല്‍ അയാക്സ് ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാന ക്ലിയര്‍ ചെയ്തു. റീബൗണ്ട് ഷോട്ട് പുറത്തേക്കായിരുന്നു. ഇതിനുശേഷം അയാക്സ് നിലയുറപ്പിച്ചെങ്കിലും കളി മെച്ചപ്പെട്ടില്ല. യുവന്റസ് ഗോളും നേടി. റൊണാള്‍ഡോ നേടിയ ഈ ഗോളിന് വിഎആറിന്റെ സേവനവും തേടേണ്ടിവന്നു.
ശാന്തത കൈവിടാതെ കളിച്ച അയാക്സ് സമനില പിടിക്കുകയും ചെയ്തു. ഹക്കീം സിയെച്ചിന്റെ ലോംഗ് റേഞ്ച് ഷോട്ട് ഒരു യുവന്റസ് പ്രതിരോധക്കാരനില് തട്ടി നേരേ വീണത് മാര്‍ക്കിംഗ് ചെയ്യപ്പെടാതെ നിന്ന വാന്‍ ഡി ബീക്കിന്റെ മുന്നില്‍. വാന്‍ ഡി ബീക്ക് പന്ത് കൃത്യമായി വലയിലാക്കി. ഈ ഗോളും വിഎആറിലൂടെയാണ് നിര്‍ണയിച്ചത്.
യുവന്റസ് പ്രതിരോധത്തിലെ അതികായനായ ജോര്‍ജിയോ കിയെള്ളിനി പരിക്കിനെത്തുടര്‍ന്ന് മത്സരത്തിലില്ലാതിരുന്നതും യുവന്റസ് പ്രതിരോധത്തെ ബാധിച്ചു. യുവന്റസിന് കളി പിടിച്ചെടുക്കാനാകും മുമ്പേ അയാക്സിന്റെ വിജയഗോളെത്തി. രണ്ടു പ്രതിരോധക്കാര്‍ക്കു മുകളിലൂടെ ഉയര്‍ന്നു ചാടിയ ഡി ലൈറ്റ് പന്ത് വലയില്‍ നിക്ഷേപിച്ചു. തുടര്‍ന്നും അയാക്സ് അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തു. ഗോള്‍ നേടാനാവത്തതിന്റെ നിരാശ ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോയെ ബാധിച്ചു. ജോയല്‍ വെല്റ്റാന്സിനെ ഫൗള്‍ ചെയ്തതിനു റൊണാള്‍ഡോയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടുകയും ചെയ്തു. 2010നുശേഷം ആദ്യമായാണ് റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്താതെ പോകുന്നത്.
ഡി ലൈറ്റ് 19
1996 ഏപ്രിലില്‍ അയാക്സിന്റെ നോര്‍ഡന്‍ വൂട്ടര്‍ (19 വയസും 237 ദിവസവും) പാനാഥിനൈകോസിനെതിരേ ഗോള്‍ നേടിയശേഷം ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനാണ് മത്യാസ് ഡി ലൈറ്റ് (നെതര്‍ലന്‍ഡ്സ് കളിക്കാരന് 19 വയസും 246 ദിവസവും)
2004-05ല്‍ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്വി ഐന്ദോവന് സെമിയിലെത്തിയശേഷം ആദ്യമായാണ് യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകൾക്കു പുറത്തുനിന്നുള്ള ഒരു ടീം സെമിയിലെത്തുന്നത്.
യുവെ ഷെയര്‍ ഇടിഞ്ഞു
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ യുവന്റസ് പുറത്തായത് ഫുട്ബോള്‍ ലോകത്തെ മാത്രമല്ല ഞെട്ടിച്ചത്. വാണിജ്യലോകത്തെയും ബാധിച്ചു. മിലാന് സ്റ്റോക് മാര്‍ക്കറ്റില്‍ യുവന്റസ് ഓഹരി വിലയിൽ 22 ശതമാനം തകര്‍ച്ചയാണ് നേരിട്ടത്. കഴിഞ്ഞയാഴ്ച യുവന്റസിന്റെ ഷെയര്‍ വില കൂടിയിരുന്നു. യുവന്റസിനെ പുറത്താക്കിയ അയാക്സിന്റെ ഷെയറാണെങ്കില് 8.5 ശതമാനത്തിന്റെ ഏറ്റവും വലിയ ഉയര്ച്ചയിലാണെത്തിയത്.