ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കമാകും. വമ്പന്മാരെ വീഴ്ത്തിയെത്തിയിരിക്കുന്ന ടോട്ടനവും അയാക്സുമാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ഈ സീസണില്‍ കിരീടപ്രതീക്ഷകളായ രണ്ടു ടീമുകളെയാണ് ടോട്ടനവും അയാക്സും ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്.
ടോട്ടനത്തിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലാണ്. ഹോമിലാണെങ്കിലും എവേയിലെങ്കിലും ഒരാശങ്കയുമില്ലാതെ കളിക്കുന്നവരാണ് ഇരുടീമും. പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെയും ക്വാര്‍ട്ടറില്‍ യുവന്റസിനെയും തകര്‍ത്തെത്തിയ അയാക്സ് ടോട്ടനം ഹോട്സ്പറിന്റെ സ്റ്റേഡിയത്തിലാണ് ഇറങ്ങുന്നത്. പ്രീക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനെയും ക്വാര്‍ട്ടറില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും കെട്ടുകെട്ടിച്ചാണ് ടോട്ടനത്തിന്റെ വരവ്.
സ്വന്തം സ്റ്റേഡിയത്തില്‍തന്നെ ആദ്യ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മികച്ച ജയത്തില്‍ കുറഞ്ഞൊന്നും ടോട്ടനം പ്രതീക്ഷിക്കുന്നില്ല. ആറു തവണ ഫൈനലിലെത്തുകയും അതില്‍ നാലു പ്രാവശ്യം യൂറോപ്യന്‍ കിരീടം നേടുകയും ചെയ്ത അയാക്സ് ഇത്തവണ ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് നടത്തുന്നത്. 1995നുശേഷം ഒരിക്കല്‍ക്കൂടി കിരീടം ലക്ഷ്യമിട്ടാണ് അയാക്സ് ഇറങ്ങുന്നത്.
ഒരുകൂട്ടം യുവാക്കളുടെ കളിയാണ് നെതര്‍ലന്‍ഡ് ക്ലബ്ബിനെ കരുത്തരാക്കുന്നത്. യുവന്റസിനെതിരേ പാസിംഗ് ഗെയിമിലൂടെയാണ് അയാക്സ് മത്സരം പിടിച്ചെടുത്തത്. ടോട്ടനമാണെങ്കിൽ തുടക്കം മുതലേ ആക്രമണം നടത്തുന്നവരാണ്. ഈ രണ്ടു ടീമുകള്‍ ഇന്നിറങ്ങുമ്പോള്‍ ആവേശകരമായ ഒരു ഫുട്ബോള്‍ മത്സരത്തിനാകും ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുക. ഏറ്റവും മികച്ച ഫുട്ബോള്‍ മത്സരം ഒരുക്കാനാകും ഇരുടീമും ശ്രമിക്കുക.
പുതിയ സ്റ്റേഡിയത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിക്കാന്‍ ടോട്ടനത്തിനായി. ആ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനോട് മാത്രമാണ് തോല്‍വി നേരിട്ടത്. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ക്കുള്ള വാര്‍ഷിക ബജറ്റിനെക്കാള്‍ വരുമാനത്തിലും കളിക്കാരുടെ പേരിലും കുറവുള്ള അയാക്സ് ഇതൊന്നും കളിക്കളത്തില്‍ കാണിക്കാതെയാണ് പോരാടുന്നത്. സ്വന്തം ഗ്രൗണ്ടില്‍ കൂടുതല്‍ ഗോള്‍ നേടാനാകും ടോട്ടനം ശ്രമിക്കുക. ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന എവേ മത്സരത്തില്‍ അയാക്സ് കൂടുതല്‍ കരുത്തരാകുമെന്ന് ഈ സീസണിലെ പ്രകടനം തെളിയിക്കുന്നു.
പരിക്കിനെത്തുടര്‍ന്ന് ഹാരി കെയ്നും സസ്പെന്‍ഷനെത്തുടര്‍ന്ന് സണ്‍ഹ്യൂംഗ് മിനുമില്ലാത്ത ടോട്ടനത്തിന്റെ മുന്നേറ്റം ബ്രസീലിന്റെ ലൂക മൗറയെ മുന്നില്‍നിര്‍ത്തിയാകും. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ മൗറയ്ക്കു ശോഭിക്കാനായില്ലെങ്കിലും ഇത്തവണ താരത്തില്‍ ടീമിന് വന്‍ പ്രതീക്ഷയാണ്.
ഡുസാന്‍ ടാഡിക്കിന്റെ ഗോളടി മികവിലാണ് അയാക്സിന്റെ പ്രതീക്ഷകള്‍. ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ആറു ഗോളും മൂന്ന് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ഹക്കീം സിയെച്ച്, ഡേവിഡ് നേറസ് എന്നിവരും ഗോളടിക്കാന്‍ കഴിവുള്ളവരാണ്. അയാക്സിന്റെ യുവനായകന് മാത്യൂസ് ഡി ലിറ്റും പ്രതിരോധത്തിനൊപ്പം ഗോള്‍ നേടാനും മിടുക്കനാണ്.
പാസിംഗ് ഗെയിമില്‍ ശ്രദ്ധിക്കുന്ന അയാക്സിനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്താല്‍ മാത്രമേ ടോട്ടനത്തിന് രക്ഷപ്പെടാനാകൂ.