ലണ്ടന്‍: ഡോണി വാന്‍ ഡെര്‍ ബീക് തുടക്കത്തിലേ നേടിയ ഗോള്‍ അയാക്സിന് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ സെമി ഫൈനലില്‍ ടോട്ടനം ഹോട്സ്പറിനെതിരേ 1-0ന്റെ ജയമൊരുക്കി. 22 വയസുള്ള താരം 15-ാം മിനിറ്റിലാണ് നിര്‍ണായകമായ എവേ ഗോള്‍ നേടിയത്. ഇതോടെ ആംസ്റ്റര്‍ഡാമിലെ രണ്ടാം പാദം കൂടുതല്‍ മികവോടെ കളിച്ചാല്‍ മാത്രമേ ടോട്ടനത്തിന് ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്താനാകൂ.
ആദ്യപകുതിയില്‍ അയാക്സിന്റെ പാസിംഗ് ഗെയിമിനു മുന്നില്‍ പകച്ചുനില്‍ക്കാനേ ടോട്ടനത്തിന്റെ കളിക്കാര്ക്കായുള്ളൂ. രണ്ടാം പകുതിയില്‍ ആതിഥേയര്‍ മെച്ചപ്പെട്ട കളി പുറത്തെടുത്തെങ്കിലും ഗോള്‍ മുഖത്തെത്തിയപ്പോള്‍ ഫിനിഷ് ചെയ്യാന്‍ കഴിയാതെ കുഴങ്ങി. മികച്ച പ്രതിരോധത്തിലൂടെ ടോട്ടനത്തിന്റെ ആക്രമണങ്ങളെ തടഞ്ഞ അയാക്സ് രണ്ടാമത്തെ ഗോളിനും അടുത്തെത്തിയതാണ്. ഡേവിഡ് നേറസിന്റെ ഷോട്ട് പോസ്റ്റിലിടിച്ചു.
ഹക്കീം സിയെച്ചിന്റെ പാസില്‍നിന്നാണ് വാന്‍ ഡി ബീക് വലകുലുക്കിയത്. ഓഫ് സൈഡായിരുന്നോ എന്നറിയാന്‍ വിഎആറിന്റെ സേവനവും ഉപയോഗിച്ചു. മുന്നേറ്റനിരയിലുണ്ടായിരുന്ന ഫെര്‍ണാണ്ടോ ലോറന്റെ സുവര്‍ണാവസരം നഷ്ടമാക്കിക്കളഞ്ഞു. കിറോണ്‍ ട്രിപ്പിയറുടെ ഒരു ക്രോസിൽ ലോറെന്റെയുടെ ഹെഡര്‍ പുറത്തേക്കു പോയി.
രണ്ടാം പകുതിയില്‍ നന്നായി കളിച്ച ടോട്ടനത്തിന് ഹാരി കെയ്ന്റെ പരിക്കും ഹ്യൂംഗ് മിന് സണ്ണിന്റെ സസ്പെന്‍ഷനുമാണ് തിരിച്ചടിയായത്. ഡെലെ അലിക്കും ക്രിസ്റ്റ്യന്‍ എറിക്സണും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.