വൈപ്പിൻ: പ്രളയം കഴിഞ്ഞപ്പോൾ കടലിൽ മത്സ്യപ്രളയം. ബോട്ടുകൾക്ക് കണവയും കൂന്തലും തളയനും (പാന്പാട) ലഭിക്കുന്പോൾ വള്ളങ്ങൾക്ക് കുറച്ച് ദിവസമായി അയല ചാകരയാണ്. സംസ്ഥാന വ്യാപകമായി കടലിൽ മത്സ്യത്തിന്റെ ലഭ്യത കൂടിയിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്.
മത്സ്യലഭ്യത കൂടിയതോടെ മത്സ്യങ്ങൾക്ക് വൻ വിലയിടിവാണ് സംഭവിച്ചിട്ടുള്ളത്. ഇതിനിടെ പലയിടത്തും ഐസിനു ക്ഷാമം നേരിട്ടതു മത്സ്യബന്ധന മേഖലക്ക് ഇരുട്ടടിയായി. തീരത്തുനിന്നു അധികം അകലെയല്ലാതെയാണ് അയലക്കൂട്ടങ്ങൾ കാണപ്പെടുന്നതെന്നാണ് മറ്റൊരു വസ്തുത. ഇന്നലെ കാളമുക്ക് ഹാർബറിൽ വള്ളങ്ങൾ എല്ലാം തന്നെ നിറയെ അയലയുമായാണ് എത്തിയത്.
സാധാരണ ഒരു വള്ളം അയല പത്ത് ലക്ഷം രൂപവരെ തുകയ്ക്ക് ലേലത്തിൽ പോയിരുന്നത് ഇന്നലെ കേവലം രണ്ട് ലക്ഷമായി കുറഞ്ഞു. ചാകരയ്ക്ക് പുറമേ ഐസിനു ക്ഷാമം നേരിട്ടതാണ് മത്സ്യത്തിനു വില കുറയാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
അയല വ്യാപകമായി എത്തിയതോടെ ഇടത്തരം അയലയ്ക്ക് പ്രാദേശിക മാർക്കറ്റിൽ കിലോവിനു 50 രൂപവരെയായി വിലയിടിഞ്ഞു. എന്നാൽ പ്രളയത്തിനു തൊട്ടു മുന്പുള്ള ദിവസങ്ങളിലെ അയ ലയ്ക്ക് കിലോവിനു 160ഉം പ്രളയം കഴിഞ്ഞ ആദ്യദിനങ്ങളിൽ 360 രൂപയുമായിരുന്നു വില.
പ്രളയത്തിനു മുന്നേ കിലോവിനു 100, 150 രൂപക്ക് വിറ്റ കൂന്തൽ ഇപ്പോൾ വെറും 50 രൂപയ്ക്കാണ് വിൽക്കുന്നത്. പ്രളയകാലത്ത് ഇളകിമറിഞ്ഞ കടൽ പ്രളയം കഴിഞ്ഞതോടെ ശാന്തമാകുകയും വെയിൽ ഉദിച്ച് ആകാശം തെളിയുകയും ചെയ്തതോടെയാ ണു കടലിൽ മത്സ്യലഭ്യത കൂടി യതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.