അമ്പലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽനിന്നും ഇന്നലെ കടലിൽപോയ പൊന്തുവള്ളങ്ങൾക്ക് ചെറുമീനുകൾ സുലഭമായി ലഭിച്ചു.
ശക്തമായ തിരമാലകളെ അതിജീവിച്ചാണ് പൊന്തുകൾ കടലിൽ ഇറക്കിയത്. അഞ്ചാലും കാവ് ചാകരയാണെങ്കിലും വള്ളങ്ങൾ കടലിൽ ഇറക്കിയില്ല.
കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ ഇവിടെനിന്നും വള്ളങ്ങൾ പോകാൻ പോലീസ് അനുവദിച്ചില്ല.
രണ്ടുദിവസം ശക്തമായ കാറ്റും മഴയുമാണ് കാലാവസ്ഥ മുന്നറിയിപ്പിലുള്ളത്. തെർമോകോളിൽ നിർമിച്ച പൊന്തിൽ ഒരാൾ മാത്രമാണ് കയറുന്നത്.
പൊന്തുകൾക്കു ലഭിച്ച മത്സ്യം റോഡരികിലിട്ടു വില്പന നടത്തി. ചെറിയ അയലയാണ് കൂടുതലായും ലഭിച്ചത്. മായം ചേരാത്ത പച്ചമത്സ്യം വാങ്ങാൻ ആവശ്യക്കാരും ഏറെയാണ്.