ചെറുകര: കുട്ടനാട്ടിലെ നീലംപേരൂർ പഞ്ചായത്തിലെ ചെറുകരയിലും പരിസരത്തുമുള്ള കർഷകത്തൊഴിലാളി വീട്ടമ്മമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വക സ്വീകരണം. ഇന്നലെ രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്.
കുട്ടനാട്ടിൽനിന്ന് പ്രത്യേക ബസ് പിടിച്ചാണ് സംഘം രാജ്ഭവനിൽ എത്തി മടങ്ങിയത്. കുട്ടനാട്ടിൽ കാർഷിക മേഖലയല്ലാതെ മറ്റു വരുമാന മാർഗങ്ങൾ ഇല്ലാത്ത സ്ത്രീകൾ ഒത്തുചേർന്ന് 2020 ഫെബ്രുവരിയിൽ കാറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു.
പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് ജീവിതമാർഗം ഉണ്ടാക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനും ഇടയാക്കിയ കാറ്ററിംഗ് സംഘത്തെക്കുറിച്ചറിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇവരെ രാജ്ഭവനിലേക്കു ക്ഷണിച്ച് അനുമോദിക്കുകയായിരുന്നു.