കാഞ്ഞങ്ങാട്: ആഴമുള്ള ഒരു കടവിൽ പാലം കെട്ടുമോ? ഇന്നത്തെ കാലത്ത് ഏറ്റവും ചുരുങ്ങിയ ചെലവിൽ പാലം നിർമിക്കാൻ വഴി തേടുമ്പോഴാണ് ഇവിടെ പെരിയ ഗ്രാമത്തിൽ ആഴമുള്ള ഒരു കടവിൽ റോഡ് പാലം നിർമിക്കുന്നത്. അത് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തിൽ ഒരു ‘സംഭവ’മായി മാറിയിരിക്കുകയാണ്. അതായത് ജലനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ നിർമിച്ച പാലം. അങ്ങനെ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ആയമ്പാറക്കടുത്ത് ആയംകടവിലെ പാലം നാട്ടിൽ ചരിത്രസംഭവമായി.
ഉയരം തെങ്ങോളം
പുല്ലൂർ-പെരിയ പഞ്ചായത്തിനെയും ബേഡഡുക്ക പഞ്ചായത്തിനെയും വേർതിരിക്കുന്നതാണ് ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായ കരിച്ചേരിപ്പുഴ. കരിച്ചേരിപ്പുഴയെന്നു വിളിക്കപ്പെടുന്നതിനു ആറ് കിലോമീറ്റർ മുകളിൽ ഇത് വാവടുക്കം പുഴയാണ്. ഇവിടെ കടത്തുള്ള സ്ഥലമാണ് ആയംകടവ്.
പാലം നിലവിൽ വരുന്നതുവരെ ആഴമുള്ള ഈ പുഴ കടക്കാൻ ഇരു പഞ്ചായത്തുകളിലുമുള്ളവർക്ക് തോണിയായിരുന്നു ആശ്രയം. റോഡുവഴിയാണെങ്കിൽ പൊയിനാച്ചി വഴി വേണം പെരിയയിലെത്താൻ. ദൂരത്തിനു പുറമേ ഇത് സമയനഷ്ടവും സൃഷ്ടിച്ചു.
മഴക്കാലത്ത് തോണിയാത്രയും ദുഷ്കരമായി. പാലം യാഥാർഥ്യമായതോടെ കർണാടകയിലെ മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യം എന്നിവിടങ്ങളിൽ നിന്ന് ദേലന്പാടി, കാറഡുക്ക, മുളിയാർ, ബെള്ളൂർ പഞ്ചായത്തുകളിൽ നിന്ന് വരുന്നവർക്ക് ബേക്കൽ കോട്ട, കേന്ദ്ര സർവകലാശാല, കാഞ്ഞങ്ങാട് ടൗണ്‍ എന്നിവിടങ്ങളിൽ എത്താൻ ചെർക്കള വഴി ചുറ്റിത്തിരിയാതെ ഈ പാലം വഴി പെരിയയിൽ എത്താൻ ഏറ്റവും എളുപ്പമുള്ളതും തിരക്കുകുറഞ്ഞ വഴിയുമായി ഇതുമാറി.
ആശയം പ്രഭാകരൻ കമ്മീഷന്റേത്
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ജില്ലയുടെ സമഗ്രവികസനം ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ മുൻ കാസർഗോഡ് കളക്ടറായിരുന്ന പി. പ്രഭാകരനെ അധ്യക്ഷനായി കമ്മീഷനെ (പ്രഭാകരൻ കമ്മീഷൻ ) നിയോഗിച്ചത്.
അതിനു മുൻപ് തന്നെ പാർട്ടി നേതൃത്വം ജനങ്ങളുടെ ഇടയിൽ നിന്ന് ആവശ്യങ്ങൾ നിവേദനങ്ങളായും പരാതികളായും സ്വീകരിച്ചിരുന്നു. അന്നു ലഭിച്ച ആവശ്യങ്ങളുടെ കൂട്ടത്തിൽ ആയംകടവിൽ റോഡ് പാലം വേണമെന്ന നിവേദനവും ഉണ്ടായിരുന്നു. ജില്ലയുടെ മുക്കുംമൂലയും നന്നായി അറിയാവുന്ന മുൻ കളക്ടർ ഈ ആവശ്യത്തിനു പരിഗണന നൽകുകയായിരുന്നു.
സവിശേഷതകൾ ഏറെ
ജലനിരപ്പിൽ നിന്നും 25 മീറ്ററാണ് സ്പാൻ വരെയുള്ള ഉയരം. 120 മീറ്റർ നീളത്തിലുള്ള സ്പാനുകൾക്ക് ജോയിന്റുകളില്ലെന്നു മാത്രമല്ല ഇവയ്ക്കടിയിൽ കോൺക്രീറ്റ് ബീമുകളുമില്ല.10 മീറ്റർ വീതിയുള്ള പാലത്തിൽ രണ്ടര മീറ്റർ നടപ്പാതയുമുണ്ട്. കൊച്ചി സ്വദേശിയായ ഡോ. അരവിന്ദാണ് പാലം രൂപകൽപ്പന ചെയ്തത്.
40 തൊഴിലാളികൾ, 30,000 തൊഴിൽ ദിനങ്ങൾ
2016 ഡിസംബറിലായിരുന്നു പാലത്തിനു ശിലാസ്ഥാപനം നിർവഹിച്ചത്. എന്നാൽ പണിതുടങ്ങാൻ പിന്നേയും ഒരു വർഷം പിന്നിട്ടു. ഇതിനിടയിൽ വീണ്ടും അനിശ്ചിതത്വം. ആദ്യ കരാറുകാരൻ ജോലി ഉപേക്ഷിച്ചു സ്ഥലംവിട്ടു. പാലത്തിന്റെ ഉയരക്കൂടുതൽ തന്നെ കാരണം. ഇത്രയും ഉയരത്തിൽ ജോലി ചെയ്യാൻ അന്യസംസ്ഥാനത്തുനിന്നെത്തിച്ച തൊഴിലാളികൾ പോലും തയാറാകാതായി. പിന്നീട് കരാർ ഏറ്റെടുത്ത ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനി 2019 മാർച്ചിൽ നിർമാണം പൂർത്തിയാക്കി.
ഇതിനിടയിൽ കരാറുകാരന് കടമ്പകൾ ഏറെ കടക്കേണ്ടിവന്നു. ഓരോ തൊഴിലാളിക്കും പ്രത്യേകം അപകട ഇൻഷ്വറൻസ്. നൂതന സുരക്ഷാസംവിധാനങ്ങൾ. ഗർഡറുകൾ ഉയർത്താൻ അത്യാധുനിക യന്ത്രങ്ങളും വേണ്ടിവന്നു.14 കോടി ചെലവു പ്രതീക്ഷിച്ചിരുന്ന പാലം യാഥാർഥ്യമാകുമ്പോൾ തുക 17 കോടിയായി.
500 ടൺ ഓളം കമ്പിയും കാൽ ലക്ഷത്തോളം ചാക്ക് സിമന്റും പാലം നിർമാണത്തിനായി വേണ്ടിവന്നുവെന്നാണ് കണക്ക്. സ്ഥലം എംഎൽഎ കെ. കുഞ്ഞിരാമന്റെ നിരന്തര ഇടപെടലുകളും സഹായങ്ങളും പാലം യാഥാർഥ്യമാക്കാൻ വേഗംകൂട്ടി.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർ ഇ. വിനോദ് , അസി. എക്സിക്യൂട്ടിവ് എൻജിനിയർ ആർ. മജേക്കർ, അസി. എൻജിനിയർ ബെന്നി ജോസഫ് എന്നിവർ പാലം നിർമാണത്തിന് തുടക്കത്തിലേ നേതൃത്വം നൽകിയവരാണ്.
സവിശേഷമായ പാലം കാണാൻ തുടക്കം മുതലേ സന്ദർശകരുണ്ടായിരുന്നു. ഇക്കാര്യമറിഞ്ഞ ജില്ലാ കളക്ടർ ഡി. സജിത് ബാബു ഇവിടെ സന്ദർശകരെ ആകർഷിക്കാൻ തക്ക സംവിധാനങ്ങളൊരുക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് പദ്ധതി ആസൂത്രണം ചെയ്യുകയാണ്.
പാലത്തിന്റെ അടിഭാഗത്ത് ഓപ്പൺ എയർ ഓഡിറ്റോറിയം പണിയും. ഇതിനായി 97 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി. 50 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലഘുഭക്ഷണശാല, ശുചിമുറി, പരിസരത്ത് പൂന്തോട്ടം, പാലത്തിനടിയിൽ പ്രത്യേകം ചില്ലുപാലം എന്നിവയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പാലത്തിന്റെയും 3.800 മീറ്റര്‍ മെക്കാഡം ചെയ്ത സമീപ റോഡിന്റെയും ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കെ. കുഞ്ഞിരാമന് എംഎല്‍എ എന്നിവർ സംബന്ധിക്കും.