അമ്പലപ്പുഴ: പ്രമേഹത്തിനുള്ള വ്യാജമരുന്ന് പ്രചരിപ്പിച്ച കേസിൽ ആയുർവേദ സ്ഥാപനത്തിനെതിരേ കേസെടുത്തു. കാക്കാഴത്ത് പ്രവർത്തിക്കുന്ന പരബ്രഹ്മം എന്ന സ്ഥാപനത്തിനെതിരേയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.
ഡയബറ്റിസ് ക്യൂർ എന്ന പേരിലാണ് ഉത്പന്നം പുറത്തിറക്കി വില്പന നടത്തിയിരുന്നത്. മരുന്നെന്ന പേരിലാണ് ഇതു വിറ്റഴിക്കുന്നതെങ്കിലും ആരോഗ്യവകുപ്പിന്റെയോ ഡ്രഗ്സ് കൺട്രോളറിന്റെയോ അനുമതി ഇതിനു ലഭ്യമായിരുന്നില്ല.
ഭക്ഷ്യോത്പന്നം എന്ന നിലയ്ക്കാണ് ഇതു വിറ്റിരുന്നതെന്നും സ്ഥാപന ഉടമ പറയുന്നു. എന്നാൽ പരസ്യങ്ങളിൽ ഇത് പ്രമേഹം മാറാനുള്ള മരുന്നെന്ന നിലയിലാണ് പ്രചാരണം നടത്തിയിരുന്നത്.
മരുന്ന് കഴിച്ചിട്ടും രോഗം മാറാതെ വന്ന ചങ്ങനാശേരി സ്വദേശി പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ സ്ഥാപനത്തിനെതിരേ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ടു നൽകിയിരുന്നു.
ഇതിന്റെയടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സ്ഥാപനമുടമ അമ്പലപ്പുഴ സ്വദേശി ഷൈനിനെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
സ്ഥാപനത്തിന്റെ മാനേജർക്കെതിരേയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ സ്ഥാപനം അടച്ചുപൂട്ടാൻ പോലീസ് തയാറായിട്ടില്ല.
ഏതാനും മാസം മുന്പ് ഈ സ്ഥാപനത്തിന്റെ ഉത്പന്നമായി കോവിഡ് പ്രതിരോധമരുന്ന് വിതരണം ചെയ്തതും വലിയ വിവാദത്തിനു കാരണമായിരുന്നു.
ഈ ഉത്പന്നം പിന്നീട് പൊതുജനത്തിന് നൽകാതെ പഞ്ചായത്ത് അധികൃതർ പഞ്ചായത്ത് ഓഫീസിൽ ചാക്കിൽ കെട്ടിവയ്ക്കുകയായിരുന്നു.
പരാതി വ്യാപകമായതോടെ ഏതാനും മാസം മുന്പ് തിരുവനന്തപുരത്തുനിന്നും ഡ്രഗ്സ് കൺട്രോളറുടെ പ്രത്യേക സംഘവും ഇവിടെ പരിശോധന നടത്തിയിരുന്നു.