ഹരിപ്പാട്: ജീവൻ പണയം വച്ച് അധ്യയനം. ആയാപറന്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ്, പ്ലസ്ടു വിദ്യാർഥികളാണ് ഏതു സമയവും പൊളിഞ്ഞു വീഴാവുന്ന കെട്ടിടത്തിൽ പഠിക്കുന്നത്. കെട്ടിടത്തിന്റെ തേപ്പും കോണ്ക്രീറ്റ് പാളികളും അടർന്ന് വീഴുകയാണ്. നാല് ക്ലാസ് റൂമുകളും ടീച്ചേഴ്സ് റൂമും ഈ കെട്ടിടത്തിലാണ്.
ദുരവസ്ഥ ചൂണ്ടിക്കകാണിച്ച് കഴിഞ്ഞ രണ്ടുവർഷമായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തുടങ്ങിവർക്ക് നിരന്തരം നിവേദനം നൽകിയിരുന്നു. ഇതിന്റെ ഫലമായി ലാപ്സായി പോയ ഹയർസെക്കൻഡറി ബ്ലോക്ക് റിവൈസ് ചെയ്ത് ഒരു കോടി 90 ലക്ഷം രൂപ കഴിഞ്ഞ സർക്കാർ ബ്ജറ്റിൽ അനുവദിച്ചിരുന്നു. ഇതിേ·ലുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടക്കുകയാണ്. പുതിയ കെട്ടിടം പൂർത്തിയാകുന്നതുവരെ നിലവിലെ കെട്ടിടത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത് അപകടകരമാണ്.
ജില്ലാ പഞ്ചായത്തിനെ വിവരം അറിയിച്ചതിനെ തുടർന്ന് പുതിയ ബ്ലോക്ക് പണി തീരും വരെ താത്കാലികമായി കുട്ടികളെ പഠിപ്പിക്കാൻ നാലു ക്ലാസ് മുറികൾ നിലവിലെ എച്ച്എസ്എസ് ലാബിനു മുകളിൽ തയാറാക്കി തരാമെന്ന് അറിയിച്ചു. ഇതിനായി 24 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനാൽ 10 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. ഈ തുകയ്ക്ക് റൂഫിംഗ് വർക്കുകൾ മാത്രമാണ് നടന്നത്. അപകടകരമായ കെട്ടിടത്തിൽ നിന്നും ഉടൻ കുട്ടികളെ മാറ്റണമെന്നാണ് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ നിലവിലെ അവസ്ഥയിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്നും താത്കാലിക കെട്ടിടത്തിൽ സൗകര്യങ്ങൾ ഇനിയും ഒരുക്കേണ്ടതുണ്ടെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.
സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒക്ടോബർ 17നു സ്കൂളിൽ നടന്ന പിടിഎ യോഗ തീരുമാന പ്രകാരം കർമസമിതി രൂപീകരിച്ച് ഓരോ രക്ഷിതാവിൽ നിന്നും ചുരുങ്ങിയത് 500 രൂപ നിരക്കിൽ പിരിവ് എടുക്കുകയാണ്. സാധാരണക്കാരായ വിദ്യാർഥികളുടെ കുടുംബങ്ങളിൽ നിന്നും കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനു പുറമെയുള്ള ഈ പിരിവ് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതേസമയം നിർബന്ധിത പിരിവല്ല, സ്കൂളിൽ നടക്കുന്നതെന്നും, താത്പര്യമുള്ള രക്ഷിതാക്കൾ മാത്രം പണം നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അധ്യാപകർ പറഞ്ഞു.