അയർക്കുന്നം: നായയെ വാഹനത്തിൽ കെട്ടി വലിച്ചിഴച്ചുകൊണ്ടുപോയത് അതി ദാരുണ സംഭവം. എന്നാൽ അറിയാതെ പറ്റിയതെന്നുള്ള യുവാവിന്റെ മൊഴി വിശ്വസനീയം.
ഇന്നലെ രാവിലെ 6.30ന് അയർക്കുന്നത്ത്് നായയെ വാഹനത്തിൽ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നതിനു പിന്നാലെ പ്രതിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു സോഷ്യൽ മീഡിയയും അയർകുന്നത്തെ ജനങ്ങളും.
സംഭവത്തിൽ അയർകുന്നം പോലീസ് കേസെടുത്ത അന്വേഷണം ആരംഭിക്കുകയും ഇന്നലെ രാത്രിയോടെ വാഹനം ഓടിച്ചിരുന്ന യുവാവിനെ പിടികൂടുകയും ചെയ്തു. കൂരോപ്പട പുതുകുളം ഭാഗത്ത് പുതുകുളം വീട്ടിൽ ജെഹു തോമസാണ് പിടിയിലായത്. പോലീസിന്റെ അന്വേഷണത്തിൽ നായ ചത്തു പോയിട്ടുള്ളതായാണ് അറിഞ്ഞത്. എന്നാൽ മനപൂർവമുണ്ടായതല്ലെന്നാണ് ജെഹു പൊലീസിനെ അറിയിച്ചത്.
പട്ടിക്കൂട് തകർന്നതിനാൽ വീട്ടിലെ നായയെ പോർച്ചിലിലാണ് കെട്ടിയിട്ടിരുന്നത്. ശനിയാഴ്ച രാത്രി മഴ നനയാതിരിക്കാൻ നായയെ ടാറ്റാ സുമോയുടെ പിന്നിലായി പിതാവ് കെട്ടിയിട്ടു. വീട്ടുകാർക്ക് വാക്സിനേഷൻ ഉള്ളതിനാൽ രാവിലെ എടിഎമ്മിൽ പോകണമായിരുന്നു.
നായയെ പുറകിൽ കെട്ടിയിട്ടിരുന്ന വിവരമറിയാതെ താൻ രാവിലെ വാഹനവുമായി അയർക്കുന്നത്തേക്കു പുറത്തുപോകുകയായിരുന്നുവെന്നാണ് ജഹു പൊലീസിനു നൽകിയ മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജെഹവിനെ ജാമ്യത്തിൽ വിട്ടയച്ചു.
ളാക്കാട്ടൂർ – അയർക്കുന്നം റോഡിലുടെ നായയെ കെട്ടിവലിച്ചു ടാറ്റാ സുമോ വാഹനം അമിത വേഗതയിൽ ഓടിച്ചു പോകുന്നതിന്റെ വീഡിയോ ദൃശ്യമായിരുന്നു ഇന്നലെ ഉച്ച മുതൽ പ്രചരിച്ചത്. പ്രദേശത്തെ ഒരു വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യമാണ് സോഷ്യൽ മീഡിയയിലെത്തിയത്.
നാട്ടുകാരിൽ ചിലർ സംഭവം കണ്ടതോടെ വിവരം പ്രദേശത്തെ കോണ്ഗ്രസ് നേതാവ് തോംസണ് ചക്കുപാറയെ അറിയിച്ചു. സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി നാട്ടുകാർ ഗ്രന്ഥശാലയിൽ സ്ഥാപിച്ചിരിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്നു തോംസണ് ചക്കുപാറയുടെ നേതൃത്വത്തിലാണ് പോലീസിൽ വിവരം അറിയിച്ചത്.