മഞ്ചേരി: ഒരു മാസം മുൻപ് മരണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോർട്ടം നടത്തി. മഞ്ചേരി പട്ടർകുളം പരേതനായ പുത്തനത്ത് കുഞ്ഞുമൊയ്തീന്റെ മകൾ ആയിഷ(36)യുടെ മൃതദേഹമാണ് ഇന്നു രാവിലെ ഖബർ തുറന്നു പുറത്തെടുത്തു മഞ്ചേരി മെഡിക്കൽ കോളജിൽ മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തിയത്.
യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ചു ബന്ധുക്കൾ കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ 13നാണ് ആയിഷ ഭർതൃവീട്ടിൽ മരണപ്പെട്ടത്.
പുല്ലാര മുതിരിപ്പറന്പ് തേരാപ്പുറത്ത് ഉസ്മാന്റെ ഭാര്യയാണ് ആയിഷ. ഇവർക്ക് മൂന്നു ആണ്‍കുട്ടികളുണ്ട്. ഇക്കഴിഞ്ഞ 13നു രാവിലെ അബോധാവസ്ഥയിൽ കിടക്കുന്നതുകണ്ടെത്തിയ ആയിഷയെ ഭർത്താവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സ്റ്റൗ പൊട്ടിത്തെറിച്ചാണ് മരിച്ചതെന്നു അയൽക്കാരും ജനലിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നു ബന്ധുക്കളും സംശയിക്കുന്നുണ്ട്. ഭർത്താവിന്റെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടെതിനെത്തുടർന്നു മരണകാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ മലപ്പുറം എസ്പിക്ക് പരാതി നൽകുകയായിരുന്നു.
പെരിന്തൽമണ്ണ ആർഡിഒയുടെ നിർദേശപ്രകാരം ഇന്നു രാവിലെ എട്ടിനു മുതിരിപ്പറന്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ ഏറനാട് തഹസിൽദാർ പി.സുരേഷിന്റെ നേതൃത്വത്തിൽ മഞ്ചേരി സിഐ എൻ.ഡി.ഷൈജു മഞ്ചേരി എസ്ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഖബർ തുറന്നു മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളെടുക്കുമെന്നു എസ്ഐ അറിയിച്ചു.