കോട്ടയം: അരുന്ധതി റോയിയിലൂടെ ലോകം അറിഞ്ഞ അയ്മനം മൂന്നു പതിറ്റാണ്ടിനുശേഷം ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി വീണ്ടും ലോക ശ്രദ്ധയിലേക്ക്.
ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി അയ്മനം മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിനും ജില്ലയ്ക്കും ഈ ചരിത്രനേട്ടം നേടിക്കൊടുത്തത് ഉത്തരവാദിത്വ ടൂറിസം മിഷൻ അയ്മനം പഞ്ചായത്തുമായി ചേർന്ന് നടപ്പാക്കിയ മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയാണ്.
ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ലണ്ടൻ, സിയൂൾ, ഇസ്താംബുൾ, ഉസ്ബെക്കിസ്ഥാൻ, സെർബിയ, ഒക് ലഹാമ – യുഎസ്എ എന്നിവക്കൊപ്പമാണ് അയ്മനം മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമവും പട്ടികയിൽ ഇടം നേടിയത്.
ലോകത്തെ ഏറ്റവും മികച്ച ട്രാവൽ മാഗസിനായ കൊണ്ടേ നാസ്റ്റ് ട്രാവലറാണു പട്ടിക തയാറാക്കിയത്. ഇന്ത്യയിൽനിന്നും സിക്കിം, മേഘാലയ, ഗോവ, കോൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീം റ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.
സംസ്ഥാന സർക്കാർ മാത്യക ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി അയ്മനത്തെ പ്രഖ്യാപിച്ചത് 2020 സെപ്റ്റംബർ 17നായിരുന്നു. ഇതോടെയാണു കുമരകത്തിനു പിന്നാലെ അയ്മനവും ലോക ഉത്തരവാദിത്വ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചത്.
ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളെ സന്പൂർണമായി പഞ്ചായത്തിന്റെ പദ്ധതികളായി സംയോജിപ്പിച്ചു പ്രവർത്തിക്കുക എന്നതാണു മാതൃക ഉത്തരവാദിത്വ ഗ്രാമം പദ്ധതിയിലൂടെ അയ്മനം പ്രാവർത്തികമാക്കിയത്.
സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കിയ 13 പഞ്ചായത്തുകളിൽ നിശ്ചയിച്ച എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി വിജയിപ്പിച്ച ആദ്യ പഞ്ചായത്തുമാണ് അയ്മനം.
അയ്മനത്തെ അന്തരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനുള്ള നടപടി ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നതിനിടയിലാണ് ഈ അംഗീകാരം.
സ്പെഷൽ ടൂറിസം ഗ്രാമസഭ, തൊഴിൽ പരിശീലനം, പ്രാദേശിക ടൂറിസം പ്രവർത്തനങ്ങളും ഈവന്റുകളും പരിസ്ഥതി സൗഹൃദ ടൂർ പാക്കേജ്, പ്രാദേശിക ടൂറിസം റിസോർസ് മാപ്പിംഗ്, ഡെസ്റ്റിനേഷൻ കോഡ് ഓഫ് കോണ്ടക്ട്, കൾച്ചറൽ എക്സ്പീരിയൻസ് പാക്കേജ്, തദ്ദേശ ടൂർ സഹായികളും ഗൈഡുമാരും, വാട്ടർ ഒൗട്ട്ലെറ്റുകൾ, മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് വിമുക്തം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്.
വിനോദ സഞ്ചാര പ്രവർത്തനങ്ങളെ ജനകീയവത്കരിച്ചു പരിസ്ഥിതി സൗഹാർദ നിലപാടുകളിലൂടെ ലോകത്തിനു മുന്നിൽ എത്തിക്കാനുള്ള പരിശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു.