അയോധ്യ: രാമക്ഷേത്ര നിർമാണത്തോടനുബന്ധിച്ച് അയോധ്യയിൽ നാളെ ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളം ഇതിഹാസ കവി വാല്മീകിയുടെ പേരിൽ അറിയപ്പെടും. വിമാനത്താവളത്തിന്റെ പേര് “മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യധാം’ എന്നു പുനർനാമകരണം ചെയ്തതായി അധികൃതർ വ്യക്തമാക്കി.
നേരത്തെ ഈ വിമാനത്താവളത്തിന്റെ പേര് “മര്യാദ പുർഷോത്തം ശ്രീറാം അയോധ്യ ഇന്റർനാഷണൽ എയർപോർട്ട്’ എന്നാണു നൽകിയിരുന്നത്. ഇതിഹാസമായ രാമായണത്തിന്റെ രചയിതാവായി ആഘോഷിക്കപ്പെടുന്ന കവിയാണു വാൽമീകി.
വിമാനത്താവളം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും ആയിരിക്കും ആദ്യ വിമാന സർവീസുകൾ നടത്തുക.
2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങുകൾ. ജനുവരിയിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽനിന്ന് അയോധ്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകുമെന്നു രണ്ട് എയർലൈനുകളും ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.