ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നാലായിരം കേന്ദ്രസേനാംഗങ്ങൾ അടക്കം 12,000 പോലീസുകാരെയാണ് അയോധ്യയിൽ നിയോഗിച്ചിരിക്കുന്നത്.
അയോധ്യയിൽ ഡിസംബർ അവസാനം വരെ നിരോധനാജ്ഞയും ഏർപ്പെടുത്തി. സംഘർഷങ്ങൾ ലഘൂകരിക്കാനും റിപ്പോർട്ട് ചെയ്യാനുമായി 1,600 ഗ്രാമങ്ങളിൽ 16,000 സന്നദ്ധപ്രവർത്തകരെയും പോലീസ് മൊബൈൽ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അയോധ്യയിലും സമീപ ജില്ലയായ അംബേദ്കർ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സർക്കാർ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്.
ലഖ്നൗവിലും അയോധ്യയിലും രണ്ട് ഹെലികോപ്റ്ററുകളും ലഖ്നൗവിൽ ഒരു വിമാനവും സജ്ജമാക്കി നിർത്തും. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനാണിത്. ബിഹാർ, മധ്യപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും അതീവജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ അവധി പ്രഖ്യാപിച്ചു.
ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി
അയോധ്യ കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി. ചീഫ് ജസ്റ്റിസ്, രഞ്ജൻ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, എസ് അബ്ദുൾ നസീർ എന്നിവരാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ സുരക്ഷ ഇസെഡ് കാറ്റഗറിയിലേയ്ക്ക് ഉയർത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ഉന്നത സുരക്ഷയാണ് ഇസെഡ് കാറ്റഗറി. സിഎപിഎഫ്, സിആർപിഎഫ് എന്നിവരാണ് സുരക്ഷ നൽകുക.
കർശന മാർഗനിർദേശങ്ങളുമായി കേന്ദ്ര വാർത്താപ്രക്ഷേപണ അഥോറിറ്റി
ന്യൂഡൽഹി: അയോധ്യ കേസിൽ അന്തിമ വിധി വരാനിരിക്കെ കേന്ദ്ര വാർത്താപ്രക്ഷേപണ അഥോറിറ്റി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നതും, തീവ്രവികാരമുണർത്തുന്നതുമായ യാതൊരു വാർത്തയും സംപ്രഷേണം ചെയ്യരുതെന്നും രാജ്യത്തിന്റെ മതേതരത്വവും സാമുദായിക ഐക്യവും, പൊതുതാൽപര്യ പ്രകാരവും മാത്രമേ വാർത്തകൾ നൽകാൻ പാടുള്ളൂ എന്നും ഉത്തരവിൽ പറയുന്നു.
1 .സുപ്രീംകോടതിയുടെ വിധി വരുന്നതിനു മുൻപ് പ്രസ്തുത വിഷയത്തിലെ കോടതി നടപടികൾ മുൻനിർത്തി ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്.
2 . സുപ്രീംകോടതി രേഖകൾ പരിശോധിച്ച ശേഷം വാർത്തയുടെ ആധികാരികതയും, യാഥാർഥ്യവും, കൃത്യതയും മനസിലാക്കിയ ശേഷമോ അല്ലെങ്കിൽ ചുരുങ്ങിയപക്ഷം നേരിട്ട് കോടതിയിൽ നിന്നും അറിഞ്ഞതിനു ശേഷം മാത്രമേ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ വിഷയത്തിൽ റിപ്പോർട്ടർമാരും, എഡിറ്റർമാരും വാർത്തകൾ നൽകാൻ പാടുള്ളൂ.
3 . അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ടതോ, വിധിയുടെ അനന്തരഫലവുമായി ബന്ധപ്പെട്ടതോ ആയ ഉൗഹാപോഹങ്ങളോ, ഉൗഹാപോഹങ്ങൾ മുൻ നിർത്തിയുള്ള വാർത്തകളോ നൽകാൻ പാടില്ല.
4 . അയോദ്ധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ടുള്ള ഒരു വാർത്തകളിലും ബാബറി മസ്ജിദ് തകർക്കുന്ന ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
5 . അയോധ്യാ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കക്ഷികൾ നടത്തുന്ന പ്രതിഷേധങ്ങളുടെയോ, ആഘോഷങ്ങളുടെയോ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാൻ പാടുള്ളതല്ല.
6 . ഏറ്റവും പ്രാധാന്യമുള്ള വിഷയമായതിനാൽത്തന്നെ അയോധ്യാ വിധിയുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിന് മുൻപ് ഉന്നത എഡിറ്റോറിയൽ അധികാരികളുടെ അനുവാദം മേടിക്കേണ്ടതാണ്.
7 . ഒരു വാർത്തയും, പരിപാടികളും ഏതെങ്കിലും സമുദായത്തിന് അനുകൂലമായോ, മുൻവിധിയോടുകൂടിയോ സംപ്രേഷണം ചെയ്യാൻ പാടുള്ളതല്ല.
8 . കാഴ്ചക്കാരെ സ്വാധീനിക്കുന്ന രീതിയിലുള്ള ഏതെങ്കിലും തീവ്രമായ നിലപാടുകൾ പറയാൻ ചർച്ചകളിൽ ആർക്കും അനുവാദം നൽകരുത്.
9 . തീവ്രവികാരങ്ങൾ ഉണർത്തുന്ന ചർച്ചകളും, വാഗ്വാദങ്ങളും ഒഴിവാക്കുക.
മേൽപ്പറഞ്ഞിട്ടുള്ള മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത ചാനലുകൾക്കെതിരെയും, മാധ്യമങ്ങൾക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.