ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്രതത്തിൽ. 11 ദിവസത്തെ പ്രത്യേക വ്രതത്തിന്റെ ഭാഗമായി പ്രധാനമന്ത്രി തറയിലാണ് ഉറങ്ങുന്നത്.
കരിക്കിന് വെള്ളം മാത്രമാണ് അദ്ദേഹം കുടിക്കുക. സൂര്യോദയത്തിന് മുമ്പുള്ള ഒരു ശുഭസമയത്ത് എഴുന്നേറ്റു ധ്യാനിക്കും. സാത്വികമായ ഭക്ഷണമാണു കഴിക്കുന്നത്. ജനുവരി 12നായിരുന്നു വൃതത്തിന്റെ തുടക്കം. ചരിത്രപരവും മംഗളകരവുമായ പ്രതിഷ്ഠയ്ക്കു സാക്ഷ്യം വഹിക്കുന്നത് ഭാഗ്യമാണെന്നു മോദി പറഞ്ഞിരുന്നു.
പ്രതിഷ്ഠാ ദിനത്തിന് ഇനി മൂന്ന് ദിനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരിൽനിന്ന് വിവരങ്ങൾ തേടി.
രാമക്ഷേത്ര പ്രതിഷ്ഠാദിനം ദീപാവലി പോലെ കൊണ്ടാടണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. പോലീസ് പരിശോധനയും, ഡ്രോണുകൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കി.