അയോധ്യ: രാമക്ഷേത്രത്തില്‍ ഇന്നു പ്രതിഷ്ഠ നടന്നപ്പോൾ ശ്രീരാമഭക്തര്‍ ലക്ഷ്മണനും ഹനുമാനുമൊപ്പം ആദരവോടെ ഓര്‍മിക്കുന്ന രാമന്റെ മൂന്നു സുഹൃത്തുക്കള്‍ കൂടിയുണ്ട്. എണ്‍പതുകളുടെ അവസാനത്തിലാണ് രാമജന്മഭൂമി കേസ് കോടതിയുടെ പരിഗണനയ്ക്കു വരുന്നത്. ബാലനായ രാംലല്ലയുടെ സുഹൃത്തായി 1989 മുതല്‍ കോടതിയില്‍ ഹാജരായിരുന്നത് റിട്ട. ഹൈക്കോടതി ജഡ്ജി ദിയോഗി നന്ദന് അഗര്‍വാളായിരുന്നു. ഇദ്ദേഹത്തെ പിന്നീട് വിശ്വഹിന്ദു പരിഷത്ത് വൈസ് ചെയര്‍മാനാക്കി. ശിശുവായ രാംലല്ലയുടെ സുഹൃത്ത് എന്ന വിലാസത്തിലാണ് ഇദ്ദേഹം കോടതിയില്‍ ഹാജരായിരുന്നത്.
അഗര്‍വാളിന്റെ മരണശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രഫസറായിരുന്നു ഠാക്കൂര്‍ പ്രസാദ് ശര്‍മ ദൗത്യം ഏറ്റെടുത്തു. പിന്നീട് 2010 ല്‍ ത്രിലോക് നാഥ് പാണ്ഡെ കേസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 2019 ല്‍ രാംലല്ലയാണ് അയോധ്യ ഭൂമിയുടെ അവകാശിയെന്ന് സുപ്രീംകോടതി വിധിച്ചു. അന്ന് 75 വയസുള്ള ത്രിലോക് നാഥ് പാണ്ഡെ സുപ്രീംകോടതി വിധി വരുന്നതിന്റെ ദിവസങ്ങള്‍ക്കുമുമ്പ് നിരാഹാരം ആരംഭിച്ചിരുന്നു.
വിധി അനുകൂലമായതോടെ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. രാമജന്മഭൂമി ക്ഷേത്രത്തിന്റെ യഥാര്‍ഥ അവകാശിയായി രേഖകളിലുള്ള രാമജന്മഭൂമി ട്രസ്റ്റ് അധികാരിയും വിഎച്ച്പി നേതാവുമായ ത്രിലോക് നാഥ് പാണ്ഡെ 2021 സെപ്റ്റംബറില്‍ അന്തരിച്ചു.
“ശ്രീരാമന്റെ രണ്ടാം വനവാസം ഇന്നു പൂര്‍ത്തിയായി. ടാര്‍പോളിന്‍ ഷീറ്റുകൊണ്ടുള്ള ഷെഡില്‍നിന്ന് ഭഗവാന് ഇനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കും’’- സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ ത്രിലോക് നാഥ് പണ്ഡെ പ്രതികരിച്ചിരുന്നു. അയോധ്യയില്‍ ഇന്നു വിഗ്രഹപ്രതിഷ്ഠ നടക്കുമ്പോള്‍ അതു കാണാന്‍ ശ്രീരാമന്റെ മൂന്നു സുഹൃത്തുക്കളും ലോകത്തില്ല.
ദിയോഗി നന്ദന് അഗര്‍വാളാണ് രാംലല്ലയ്ക്കുവേണ്ടി ആദ്യം കോടതിയില്‍ ഹാജരായത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍, അതിന്റെ രക്ഷാകര്‍ത്താവ് എന്ന നിലയിലാണ് അഗര്‍വാള്‍ ഇന്ത്യന്‍ നിയമമനുസരിച്ച് കോടതിയില്‍ ഹാജരായിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം അധ്യാപകനായ ഠാക്കൂര്‍ പ്രസാദ് വര്‍മ ചുമതലയേറ്റെടുത്തു. അദ്ദേഹത്തിന്റെ ചരിത്രത്തിലും പുരാവസ്തു ഗവേഷണത്തിലുമുള്ള അറിവ് കേസിനെ മുന്നോട്ടു നയിച്ചു. 2008ല്‍ ആരോഗ്യകാരണം മൂലം ഠാക്കൂര്‍ ചുമതല വിഎച്ച്പി പ്രവര്‍ത്തകനായ ത്രിലോക് നാഥ് പാണ്ഡെയെ ഏല്‍പ്പിച്ചു.
അയോധ്യ വിഗ്രഹപ്രതിഷ്ഠയില്‍ ശ്രീരാമന്റെ സുഹൃത്തുക്കളുടെ കുടുംബം അതീവസന്തോഷത്തിലാണ്. തന്റെ പിതാവിന്റെ ആഗ്രഹം പൂര്‍ത്തിയായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അഗര്‍വാളിന്റെ മകള്‍ മിനു അഗര്‍വാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അന്നത്തെ സര്‍ക്കാര്‍ പിതാവിന്റെ ആരോഗ്യം പരിഗണിക്കാതെ അറസ്റ്റ് ചെയ്തിരുന്നതായും അവര്‍ ഓര്‍മിച്ചു. വേദകാലം മുതലുള്ള അയോധ്യയുടെ ചരിത്രം തന്റെ പിതാവിന് അറിയാമായിരുന്നെന്നും ഇതു കേസിന് ഗുണം ചെയ്തെന്നും ഠാക്കൂര്‍ പ്രസാദ് വര്‍മയുടെ മകന് സിദ്ധാര്‍ഥ് പറഞ്ഞു. ശ്രീരാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട യാതൊരു വിവരവും പിതാവ് വെളിപ്പെടുത്തിയിട്ടില്ലെന്നും കേസുമായ ബന്ധപ്പെട്ട എന്തും കഴിഞ്ഞേ അദ്ദേഹത്തിനു മറ്റെന്തുമുള്ളൂവെന്നും ത്രിലോക് നാഥ് പാണ്ഡെയുടെ മകന് വെളിപ്പെടുത്തി.
ഭാരതീയ വസ്തുവിദ്യയുടെ സമ്മോഹനകേന്ദ്രം
ഇരുമ്പും ഉരുക്കുമില്ലാതെ കല്ലുകളും ശ്രീറാം എന്ന് ആലേഖനം ചെയ്തിരിക്കുന്ന കട്ടകളും ഉപയോഗിച്ചാണ് അയോധ്യയില്‍ പുതുക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. മൂന്നുനിലകളിലായി 2.7 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഭാരതീയ വാസ്തുവിദ്യയുടെ സവിശേഷതകൾ വ്യക്തമാക്കുന്നതാണ്.
അടിഭാഗത്തെ നിലയില്‍ ശ്രീരാമന്റെ ജീവിതം പൂര്‍ണമായും ചിത്രീകരിക്കുന്നു. ഒന്നാം നില ശ്രീരാമന്റെ ദര്ബാറായാണ് പണികഴിപ്പിച്ചിരിക്കുന്നത്. 235 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്. 360 തൂണുകളാണ് ക്ഷേത്രത്തെ താങ്ങിനിര്‍ത്തുന്നത്.
മൂന്നു നിലകളുള്ള ക്ഷേത്രത്തിന് ആകെ 12 ഗേറ്റുകളാണുള്ളത്. സോമനാഥ ക്ഷേത്രം ഉള്‍പ്പെടെ രൂപകല്പന ചെയ്ത സോംപുര കുടുംബത്തിലെ ചന്ത്രകാന്ത് സോംപുരയും മക്കളായ അഷീഷും നിഖിലും ചേര്‍ന്നാണ് ക്ഷേത്രത്തിനു രൂപകല്പന ചെയ്തത്. ഝാന്‍സി, ബിത്തൂരി, ഹല്‍ദിഘട്ടി, യമുനോത്രി, ചിത്തോര്‍ഗഡ്, സുവര്‍ണക്ഷേത്രം എന്നിങ്ങനെ 2587 പ്രദേശത്തെ മണ്ണ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍