ലക്നോ: അയോധ്യ രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2024 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ശ്രീരാമ ജന്മഭൂതി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നിർമാണപ്രവർത്തനങ്ങൾ നടത്താൻ നിലവിൽ 1500 തൊഴിലാളികളാണ് ഉള്ളത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ 3500 തൊഴിലാളികളെ കൂടി നിയോഗിക്കുമെന്നും ക്ഷേത്ര ട്രെസ്റ്റിലെ അംഗമായ അനിൽ മിശ്ര പറഞ്ഞു.
ഇനി രണ്ടുനിലകളിലെ നിർമാണമാണ് പൂർത്തിയാകാനുള്ളത്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം കഴിഞ്ഞ ദിവസം ഡിസംബറിലാണ് പൂർത്തിയായത്. ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത് താഴത്തെ നിലയിലാണ്.
ക്ഷേത്രത്തിന് മതിൽ മഴക്കാലത്തിന് മുന്നേ കെട്ടുമെന്നും സമുച്ചയത്തിൽ ആറ് ദേവന്മാരുടെയും ദേവതകളുടെയും ആരാധനാലയങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാൽമീകി, വിശ്വാമിത്ര, അഗസ്ത്യ, വസിഷ്ഠൻ, നിഷാദ്രാജ്, അഹിലി എന്നിവരുടെ അടക്കം ക്ഷേത്രങ്ങളാണ് നിർമിക്കുക.
പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ രാമക്ഷേത്രത്തിൽ 75 ലക്ഷം ഭക്തർ സന്ദർശനം നടത്തിയെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ഭക്തരുടെ എണ്ണത്തിലുള്ള വർധനവു കണക്കിലെടുത്ത് രാമജന്മഭൂമിയുടെ പടിഞ്ഞാറേ അറ്റത്തുള്ള തേധി ബസാർ മുതൽ തപാൽ ഓഫീസ് വരെയുള്ള റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിക്കുമെന്ന് അയോധ്യയിലെ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാർ പറഞ്ഞു.