കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിന് ആശ്വാസമായി സമസ്തയുടെ പ്രതികരണം. രാഷ്ട്രീയ കക്ഷികളുടെ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും പങ്കെടുക്കുന്ന കാര്യം ഓരോ പാർട്ടിയും തീരുമാനിക്കട്ടെ എന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടതോടെ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ സമ്മര്ദത്തില്പ്പെട്ടുഴലുന്ന കോൺഗ്രസിന് പിടിവള്ളിയായി.
സമസ്ത മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് കോൺഗ്രസിന്റെ പ്രതിഷ്ഠാ ചടങ്ങിലെ പങ്കാളിത്തം വിവാദമാക്കിയത്. എന്നാൽ ഈ മുഖപ്രസംഗത്തെ തള്ളിയാണ് സമസ്ത അധ്യക്ഷൻ പ്രതികരിച്ചത്. സമസ്തയുടെ നിലപാട് ലീഗിനും കോൺഗ്രസിനും ഒരേ പോലെ ആശ്വാസകരമായി.
മുസ്ലിം സംഘടനകൾക്കിടയിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നുള്ള വികാരമാണ് പൊതുവെയുള്ളത്. ലീഗും ഇതേ നിലപാടാണ് കോൺഗ്രസിനെ അറിയിച്ചത്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.