അയോധ്യ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് വേണ്ടിയുള്ള ഒരുക്കൾ അയോധ്യയിൽ ആരംഭിച്ചിരിക്കുകയാണ്. മൂന്ന് നിലകളിലായുള്ള രാമക്ഷേത്രത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. 20 അടി ഉയരമാണ് ക്ഷേത്രത്തിന്റെ ഓരോ നിലയ്ക്കുമുള്ളത്. ഇതോടൊപ്പം 392 തൂണുകളും 44 വാതികളും ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ശ്രീരാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുക.
380 അടി നീളവും 250 അടി വീതിയും 161 അടി ഉയരവുമുള്ള രാമക്ഷേത്ര സമുച്ചയത്തിൽ നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർഥനാ മണ്ഡപം, കീർത്തൻ മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളാണ് ഉള്ളത്.
ജനുവരി 22ന് സഞ്ജീവനി മുഹൂർത്തത്തിലാവും പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഉച്ചയ്ക്ക് 12:29:8 മുതൽ 12:30:2 വരെയാണ് ചടങ്ങിന്റെ മുഹൂർത്തം. അതേസമയം സമൂഹ മാധ്യമങ്ങളിൽ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ച വൈദ്യുത വിളക്കുകൾ കൊണ്ട് അലങ്കരിച്ച രാമക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചതോടെ വാരണാസിയിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള ഒരു കൂട്ടം പലഹാര വ്യാപാരികളും അയോധ്യയിലേക്ക് നീങ്ങിയിരിക്കുകയാണ്.
പ്രതിഷ്ഠാ ചടങ്ങിനായി 45 ടൺ ലഡു തയാറാക്കാനാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം ഏകദേശം 1200 കിലോ ലഡു ഇവർ ഉണ്ടാക്കുന്നുണ്ട്. ഈ ലഡു ചടങ്ങിൽ ശ്രീരാമന് പ്രസാദമായി നൽകും.