ന്യൂഡൽഹി: ജനുവരി 22നു പ്രതിഷ്ഠ ചടങ്ങുകൾ നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി മുഴക്കിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്.
സമൂഹമാധ്യമത്തിലൂടെയായിരുന്നു ഇവരുടെ ഭീഷണി. സുബൈർ ഖാൻ എന്നയാളാണ് ഇതിന്റെ ആസൂത്രകനെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്ക് പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നു പറയുന്നു.
അതിനിടെ രാമക്ഷേത്രത്തിനെതിരേ പോസ്റ്റിട്ടതിന് ഒരാളെ ഉത്തര്‍പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. മതസ്പർധ വളർത്തുന്ന രീതിയിൽ എക്സിൽ പോസ്റ്റിട്ടതിനാണ് അറസ്റ്റ്. ഝാൻസി സ്വദേശി ജിബ്രാൻ മക്രാണിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എടിഎസ് അറിയിച്ചു.
പ്രതിഷ്ഠാദിനം അടുത്തുവരുന്നതിനിടെ അയോധ്യയിൽ സുരക്ഷ കൂടുതൽ കർശനമാക്കി വരികയാണ്. അതേസമയം, പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനം ഇതുവരെ പുറത്തുവ ന്നിട്ടില്ല.
ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും ക്ഷണിച്ചത് വലിയ വിവാദമായിരുന്നു.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇതുവരെ ക്ഷണമുണ്ടായിട്ടില്ല.