തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. വഴുതക്കാട് രമാദേവി ക്ഷേത്ര കമ്മിറ്റിയും ഹൈന്ദവ സംഘടനകളും അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണം ഭക്തജനങ്ങൾക്ക് കാണാൻ ക്രമീകരണമൊരുക്കിയിട്ടുണ്ടായിരുന്നു.
ഇന്ന് രാവിലെ പതിനൊന്ന് മണിമുതൽ ആരംഭിച്ച ചടങ്ങുകൾ നേരിൽ കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ രമാദേവി ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഭാരതത്തിലെന്പാടും നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് വഴുതക്കാട്ടെ ക്ഷേത്രത്തിലും ഭക്തജനങ്ങൾക്ക് വേണ്ടി തൽസമയ സംപ്രേഷണം ഏർപ്പെടുത്തിയത്. ഇന്ന് രാവിലെ മുതൽ ക്ഷേത്രദർശനത്തിനും തൽസമയ സംപ്രേഷണം കാണാനും നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രാങ്കണത്തിൽ എത്തിയത്.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികൾ നടത്താനാണ് ബി ജെ പിയും ഹിന്ദു സംഘടനകളും തീരുമാനിച്ചിട്ടുള്ളത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും ബി ജെ പി ആഹ്വാനം ചെയ്തിട്ടുണ്ട്. അയോധ്യ പ്രാണ പ്രതിഷ്ഠാദിനത്തിൽ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ നേർച്ചകൾ നടത്തുന്നു. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകൾ നടക്കുക.