അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി മൂന്ന് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച അയോധ്യ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അയോധയിൽ നടത്തിയ പരിശോധനയിൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംശയാസ്പദമായ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി ഉത്തർപ്രദേശ് സ്പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാർ അറിയിച്ചു. പിടിയിലായ മൂന്ന് പേരേയും ചോദ്യം ചെയ്തു വരികയാണ്. ഇവർക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
പ്രതിഷ്ഠാ ദിനത്തിന് ഇനി മൂന്ന് ദിനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരിൽനിന്ന് വിവരങ്ങൾ തേടി.
രാമക്ഷേത്ര പ്രതിഷ്ഠാദിനം ദീപാവലി പോലെ കൊണ്ടാടണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്. പോലീസ് പരിശോധനയും, ഡ്രോണുകൾ വഴിയുള്ള നിരീക്ഷണം ശക്തമാക്കി.