അയോധ്യ: ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം രാമക്ഷേത്രത്തിലേക്ക് ഭക്തരും സഞ്ചാരികളും ഒഴുകിയെത്തുകയാണ്. ക്ഷേത്രത്തിൽ 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്. രാമക്ഷേത്രത്തിലെ നിലയ്ക്കാത്ത ഭക്തജന പ്രവാഹം കണക്കിലെടുത്ത് ആരതി ദർശന സമയക്രമീകരണം സംബന്ധിച്ച ഷെഡ്യൂൾ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു.
പുലർച്ചെ 4.30ന് രാംലല്ല വിഗ്രഹത്തിൽ ആരതിയുണ്ടാവും. ശ്രീംഗാർ ആരതി രാവിലെ 4.30നും മംഗള ആരതി 6.30നുമാകും നടക്കുന്നത്. ഭോഗ് ആരതി ഉച്ചയ്ക്കും വൈകുന്നേരത്തെ ആരതി രാത്രി 7.30നുമാകും നടക്കുക. രാവിലെ 7 മണിമുതൽ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനായി പ്രവേശിക്കാം. രാത്രി 10 ന് ആരതിയോടെ ക്ഷേത്രനട അടയ്ക്കും.
പുതിയതായി പണികഴിപ്പിച്ച രാമക്ഷേത്രത്തിൽ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്.
അതേസമയം, ഇന്ത്യയിലെ ഏറ്റും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അയോധ്യ പ്രതിവർക്ഷം അഞ്ച് കോടി തീർഥാടകരെ ആകർഷിക്കുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
സർക്കാർ കണക്ക് അനുസരിച്ച് പ്രതിദിനം ഒരു ലക്ഷം ഭക്തർ അയോധ്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉടൻ തന്നെ ഈ കണക്ക് മൂന്ന് ലക്ഷമായി ഉയരുമെന്നും പറയുന്നു.