ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ 22ന് അവധി പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു. ഇതുവരെ 11 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, ആസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണു പൂർണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. മദ്യശാലകള്‍ അടച്ചിടണമെന്നും സർക്കാർ ഉത്തരവിറക്കി. ഗുജറാത്ത്, രാജസ്ഥാന്, ത്രിപുര, ഛത്തീസ്ഗഢ്, ആസം, ഒഡീഷ, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ ഉച്ചവരെയാണ് അവധി. കേരളത്തിലും ബംഗാളിലും അവധി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാര് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാരുകള്‍ അതു പരിഗണിച്ചില്ല.
പ്രതിഷ്ഠാദിനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓഹരി വിപണികൾക്ക് ആർബിഐയും അവധി പ്രഖ്യാപിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും തിങ്കളാഴ്ച പൂർണ അവധിയായിരിക്കും.
പകരം ശനിയാഴ്ച ഓഹരി വിപണികൾ പ്രവർത്തിക്കും. മണി മാർക്കറ്റ്, വിദേശ വിനിമയം, ഗവൺമെന്റ് സെക്യൂരിറ്റിസ് സെറ്റിൽമെന്റ് എന്നീ ഇടപാടുകൾക്കെല്ലാം 22ന് അവധിയാണ്. ആക്സിസ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂർണ അവധിയായിരിക്കും.