ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിൽ മുഖ്യവിഗ്രഹമായി പ്രതിഷ്ഠിക്കുന്നത് കർണാടകയിലെ പ്രശസ്ത ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത രാമവിഗ്രഹം. തലമുറകളായി വിഗ്രഹങ്ങൾ കൊത്തുപണി ചെയ്യുന്ന മൈസൂരുവിലെ കുടുംബത്തിലെ അംഗമാണു അരുൺ യോഗിരാജ്.
വിശ്രമമില്ലാതുള്ള വിഗ്രഹനിർമാണത്തിനിടെ15 ദിവസം ഇദ്ദേഹം കുടുംബത്തോടും കുട്ടികളോടും സംസാരിച്ചിരുന്നില്ലത്രെ. കേദാർനാഥിൽ ആദിശങ്കരാചാര്യരുടെയും ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമകൾ നിർമിച്ചതും അരുൺ യോഗിരാജാണ്.
ഇദ്ദേഹം കൃഷ്ണശിലയിൽ കൊത്തിയെടുത്ത വിഗ്രഹം ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുമെന്നു ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സ്ഥിരീകരിച്ചു. രാമക്ഷേത്രത്തിലെ ശ്രീരാമ പ്രതിഷ്ഠയ്ക്കായി അരുൺ യോഗിരാജ് നിർമിച്ച വിഗ്രഹം തെരഞ്ഞെടുക്കുമെന്നു മുതിർന്ന കർണാടക ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം, പ്രതിഷ്ഠാ ചടങ്ങിന് മുന്‍പ് രാമക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദര്‍ശനം നടത്തി. ഉത്തര്‍പ്രദേശ് ഘടകത്തിനൊപ്പം ദേശീയ നേതാക്കളും ക്ഷേത്രത്തിലെത്തി. ശ്രീരാമന് എല്ലാവരുടേതുമെന്ന മുദ്രാവാക്യവുമായാണ് ആയിരത്തോളം പേരടങ്ങുന്ന കോണ്‍ഗ്രസ് സംഘം അയോധ്യയിലെത്തിയത്.
ജയ്ശ്രീറാം വിളികളുമായി സരയു നദിയില്‍ സ്നാനം നടത്തിയശേഷമായിരുന്നു ക്ഷേത്ര ദര്‍ശനം. ദീപേന്ദര്‍ ഹൂഡ എംപി, പിസിസി അധ്യക്ഷന്‍ അജയ് റായ്, ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ തുടങ്ങിയവര്‍ സരയുവില്‍ മുങ്ങി. തുടര്‍ന്ന് ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി.