അയോധ്യ: പ്രതിഷ്ഠാ ദിനത്തിനു മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കെ അയോധ്യയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന പുതിയ രാമവിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ ഉച്ചയോടെ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹത്തിന്റെ ചിത്രമാണു പുറത്തുവന്നത്. വിഗ്രഹം വെള്ളത്തുണികൊണ്ടു മൂടിയിരിക്കുകയാണ്. മൈസൂരു സ്വദേശിയായ ശില്പി അരുണ്‍ യോഗിരാജ് രൂപകല്പന ചെയ്ത വിഗ്രഹത്തിന് 51 ഇഞ്ച് ഉയരമുണ്ട്.
പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തിൽ രാമവിഗ്രഹം ശ്രീകോവിലില്‍ സ്ഥാപിച്ചതായി പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പുരോഹിതന് അരുണ്‍ ദീക്ഷിത് പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയാണു “പ്രധാന സങ്കല്‍പ്പ് ‘ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ ബ്രാഹ്മണര്‍ക്ക് “വസ്ത്രങ്ങള്‍’ നല്കുന്നതുപോലുള്ള മറ്റ് ആചാരങ്ങളും നടത്തി. 22നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനു പിന്നാലെ തൊട്ടടുത്ത ദിവസംതന്നെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷ. പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചതിനു പുറമെ ഗുജറാത്തിൽ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ ബാങ്കുകൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും ഉച്ചയ്ക്ക് 2.30 വരെയാണ് അവധി. ഉച്ചയ്ക്ക് 12.20 മുതല്‍ പന്ത്രണ്ടര വരെയാണു പ്രതിഷ്ഠാദിന ചടങ്ങ്.
ദീപാവലിപോലെ പ്രഥിഷ്ഠാചടങ്ങ് ഗംഭീരമാക്കണമെന്നാണു പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഇതിനിടെ പ്രതിഷ്ഠാ ദിന സ്മരണിക സ്റ്റാമ്പും സര്‍ക്കാര്‍ പുറത്തിറക്കി. രാമക്ഷേത്രം, സരയൂ നദി, ഹനുമാന്, ജഡായു തുടങ്ങി ആറ് ചിത്രങ്ങള്‍ സ്റ്റാമ്പുകളായി പ്രധാനമന്ത്രിയാണ് പുറത്തിറക്കിയിരിക്കുന്നത്. സൈബര്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ട് ആഭ്യന്തര മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അയോധ്യയിലേക്ക് സൈബര്‍ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ച് നിരീക്ഷിക്കാനാണ് നിര്‍ദേശം.