ബംഗളൂരു: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് അയോധ്യ ഒരുങ്ങുമ്പോൾ മൈസൂരു സ്വദേശിയായ ശില്പി അരുൺ യോഗിരാജ് അഭിമാനത്തിന്റെ ഉത്തുംഗ ശൃംഗത്തിലാണ്. താൻ നിർമിച്ച രാം ലല്ല വിഗ്രഹം അയോധ്യയിൽ സ്ഥാപിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ മുഹൂർത്തമാണെന്ന് അരുൺ യോഗിരാജ്. പതിനൊന്നാം വയസിലാണ് ശിൽപവിദ്യാ രംഗത്തേക്ക് അരുൺ ചുവടുവച്ചത്. ശിൽപനിർമാണത്തോടുള്ള അന്തർലീനമായ അഭിനിവേശം കൊണ്ടാണ് അരുൺ യോഗി രാജ് ഈ മേഖലയിലേക്ക് വന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് വിഗ്രഹം നിർമ്മിക്കുന്നതിനു വേണ്ടി അയോധ്യ ക്ഷേത്രട്രസ്റ്റ് അധികൃതർ അരുണിനെ സമീപിച്ചത്. ബാലരൂപത്തിലുള്ള രാമന്റെ വിഗ്രഹം തീർക്കണമെന്നായിരുന്നു നിർദ്ദേശം. ഇതിനു വേണ്ടി ധാരാളം പുസ്തകങ്ങൾ വായിച്ചു. ഒരുപാട് കാര്യങ്ങള്‍ പുതിയതായി പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. കല്ല് കണ്ടെത്തുന്നതിനായിരുന്നു ഏറ്റവും ബുദ്ധിമുട്ടിയതെന്നും അരുണ്‍ കൂട്ടിച്ചേർത്തു. ഒടുവിൽ ഒരു കർഷകന്റെ പാടത്ത് നിന്നാണ് വിഗ്രഹത്തിനുള്ള കല്ല് കിട്ടിയതെന്നും, രാംലല്ല വിഗ്രഹം രാമഭക്തർക്ക് ഇഷ്ടമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേദാർനാഥിലെ 12 അടി ഉയരമുള്ള ആദി ശങ്കരാചാര്യയുടെ വിഗ്രഹവും, ദില്ലിയിലെ സുഭാഷ് ചന്ദ്രബോസിന്റെ വിഗ്രഹവും, മൈസൂരിലെ 21 അടി ഉയരമുള്ള ഹനുമാൻ പ്രതിമയുമെല്ലാം അരുണിന്റെ സൃഷ്ടികളാണ്.
അയോധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്കായി തന്റെ ഭർത്താവ് നിർമിച്ച വിഗ്രഹം തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് അരുൺ യോഗിരാജിന്റെ ഭാര്യ വിജേത പറഞ്ഞു. രാംലല്ലയുടെ വിഗ്രഹം പൂർത്തിയാക്കുന്നതിനിടയിൽ അരുൺ ഒരു യോഗിയെപ്പോലെയുള്ള വ്രതമാണ് അനുഷ്ഠിച്ചിരുന്നതെന്നും വിജേത കൂട്ടിച്ചേർത്തു.