അയോധ്യ: നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനുശേഷം കോടിക്കണക്കിനു ഹൈന്ദവർക്കു സ്വപ്നസാഫല്യം. മന്ത്രധ്വനികളും പ്രാർത്ഥനകളും ജയ് ശ്രീറാം വിളികളും മുഴങ്ങവെ അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നു. ഇന്ന് ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. പ്രധാന പ്രതിഷ്ഠാ ചടങ്ങുകൾ 12.29:08 മുതൽ 12.30:32 വരെ 84 സെക്കൻഡ് നേരത്തേക്കായിരുന്നു. ഭാരതീയ പാരന്പര്യത്തിലെ 125 ശാഖകളിൽനിന്നുള്ള സന്യാസിമാരും ഏഴായിരത്തോളം പ്രത്യേക ക്ഷണിതാക്കളും ചടങ്ങിനു സാക്ഷികളാകാനെത്തിയിരുന്നു.
ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നിർത്യഗോപാൽ ദാസ് മഹാരാജ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ചലച്ചിത്ര, കായിക ലോകത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സുവർണനിമിഷങ്ങൾക്കു സാക്ഷിയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠാ ചടങ്ങിനായി രാവിലെ 10.30ന് അയോധ്യയിൽ എത്തി. പ്രതിഷ്ഠാചടങ്ങിനുശേഷം ഉച്ചയ്ക്ക് 1.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഏഴായിരത്തോളം വരുന്ന സദസിനെ അഭിസംബോധന ചെയ്തു. രാമക്ഷേത്രം യാഥാർഥ്യമാക്കുന്നതിനു നേതൃത്വം നൽകിയ മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്ക് അതിശൈത്യത്തെത്തുടർന്ന് ചടങ്ങിൽ പങ്കെടുക്കാനായില്ല.
ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിവിഐപികളുമായി അയോധ്യ വാത്മീകി വിമാനത്താവളത്തിലേക്ക് ഇന്നലെയും ഇന്നുമായി 100 ചാർട്ടേഡ് വിമാനങ്ങളാണ് എത്തിയത്. ഇത്രയും വിമാനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കുവാൻ ഇവിടെ സൗകര്യമില്ലാത്തതിനാൽ സമീപത്തെ നാലു വിമാനത്താവളങ്ങളുടെ സേവനം തേടിയിരുന്നു. ചടങ്ങിലേക്ക് പാസുള്ളവർക്കു മാത്രമായിരുന്നു ക്ഷണം.
അതിനാൽത്തന്നെ ചടങ്ങിൽ പങ്കെടുക്കാനാകാതെ ഏറെയകലെ സരയൂനദിക്കരയിലെ കട്ര ശിവദ്യാല് ഗഞ്ചിൽ ലക്ഷക്കണക്കിനു വിശ്വാസികളാണ് കാത്തുനിൽക്കുന്നത്. വൈകുന്നേരത്തോടെ ഇവരെയെല്ലാം ക്ഷേത്രപരിസരത്തേക്ക് കടത്തിവിടുമെന്നാണ് വിവരം.
സുരക്ഷയ്ക്ക് 13,000 ഭടന്മാർ
അയോധ്യയിൽ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷയാണ്. കേന്ദ്രസേന, പോലീസ്, ദ്രുതകർമസേന, എൻഡിആർഎഫ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയ സേനാവിഭാഗങ്ങളിൽപ്പെട്ട ഓഫീസർമാരുൾപ്പെടെ 13,000 പേരെയാണു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. നിരീക്ഷണത്തിനായി എഐ സഹായത്തോടെയുള്ള 10,000 സിസിടിവികൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സരയൂ നദിയിലൂടെ പോലീസിന്റെ നിരവധി ബോട്ട് പട്രോളിംഗ് സംഘങ്ങളുമുണ്ടാകും. ഡ്രോൺ വഴിയുള്ള നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.