അയോധ്യ: രാമക്ഷേത്രം വിശ്വാസികൾക്കായി തുറന്ന് നൽകിയിട്ട് രണ്ടാഴ്ച മാത്രം കഴിയവെ വരുമാനമായി ലഭിച്ചത് കോടികൾ. ക്ഷേത്രത്തിന്റെ കണക്കുകൾ അനുസരിച്ച് ഇതിനകം തന്നെ കാണിക്കയായി ലഭിച്ചത് 12.8 കോടി രൂപയാണ്. പതിനഞ്ച് ദിവസത്തിനുള്ളിൽ 30 ലക്ഷം ഭക്തരാണ് ക്ഷേത്രം സന്ദർശിച്ചത്.
പ്രതിഷ്ഠ നടന്ന ദിവസമാണ് ഏറ്റവും അധികം വരുമാനം ക്ഷേത്രത്തിന് ലഭിച്ചത്. ജനുവരി 22ന് കാണിക്കയായി ലഭിച്ചത് മൂന്നുകോടി പതിനേഴ് ലക്ഷം രൂപയാണ്. തുടർന്നുള്ള ഓരോ ദിവസവും ശശരാശരി 40മുതൽ 50 ലക്ഷം രൂപ വരെ ലഭിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിന്റെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരപ്പെട്ടികൾക്ക് പുറമെ ശ്രീകോവിലിലും നാല് ഭണ്ഡാരപ്പെട്ടികൾ വച്ചിട്ടുണ്ട്. ഭക്തർ നേരിട്ട് ഭണ്ഡാരപ്പെട്ടികളിൽ കാണിക്കയർപ്പിക്കുന്നതിന് പുറമെ ഓൺലൈനായും കാണിക്കയർപ്പിക്കുന്നുണ്ട്.
ബാങ്ക് ഉദ്യോഗസ്ഥരായ 11പേരും ക്ഷേത്രം ട്രസ്റ്റംഗങ്ങളായ മൂന്നുപേരുമടങ്ങുന്ന സംഘമാണ് ഭണ്ഡാരപ്പെട്ടികളിലടങ്ങുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്. ഇതിന്റെ സുതാര്യതയ്ക്കായി സിസിടിവി നിരീക്ഷണം ഉറപ്പുവരുത്താറുണ്ടെന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കുന്നു.