സ്വന്തം ലേഖകൻ
തൃശൂർ: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെന്പാടും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. ജില്ലയുടെ എല്ലാ ഭാഗത്തും പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ചെറിയ പ്രകോപനം പോലുമില്ലാതെ ക്രമസമാധാനപരിപാലനം നടത്താൻ പോലീസിനെ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിലും ചെറിയ ജംഗ്ഷനുകൽലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.വാഹനപരിശോധനയും ഡോഗ് ബോംബ് സ്ക്വാഡുകളുടെ പരിശോധനയും തുടരുന്നുണ്ട്. വിധി വന്ന ശേഷവും സുരക്ഷ ക്രമീകരണങ്ങൾ തുടരും.
പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമെല്ലാം സുരക്ഷ വലയത്തിലാണ്. ഗുരുവായൂരടക്കം പ്രധാന ആരാധനാലയങ്ങളിലും സുരക്ഷ ബന്തവസ്സ് കൂട്ടിയിട്ടുണ്ട്. കർശന പരിശോധനകൾക്ക് ശേഷമെ ആളുകളെ പലയിടത്തും കടത്തിവിടുന്നുള്ളു.
വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ സൈബർ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലാണ്. ജില്ല സൈബർ സെല്ലും ജാഗ്രതയോടെ സോഷ്യൽമീഡിയ സന്ദേശങ്ങൾ നിരീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ സ്റ്റേഷനുകളിൽ സിഐ മാരുടെ നേതൃത്വത്തിൽ സാമുദായിക നേതാക്കളേയും മറ്റും വിളിച്ചു ചേർത്ത് യോഗം നടത്തിയിരുന്നു. പ്രകടനങ്ങളും മറ്റും നിരോധിച്ചിട്ടുണ്ട്.പ്രശ്നബാധിത സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.