ലക്നോ: അയോധ്യക്ക് പിന്നാലെ കാശിയും മഥുരയുമാണ് ബിജെപിയുടെ മുൻഗണനാ പട്ടികയിലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ, കാശി, മഥുര എന്നിങ്ങനെ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് രാജ്യത്തെ ഹിന്ദുസമൂഹം ആവശ്യപ്പെടുന്നതെന്ന് യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു.
അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ രാജ്യത്തെ ജനങ്ങളെല്ലാവരും സന്തോഷിച്ചു. വെറും വാഗ്ദാനം മാത്രമായിരുന്നില്ല ബിജെപിയുടേത്. അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുൻസർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അവർ അയോധ്യയെ നിരോധനങ്ങളുടെയും കർഫ്യൂവിന്റേയും പരിധിയില്‍ കൊണ്ടുവന്നു. നൂറ്റാണ്ടുകളോളം അയോധ്യ ഇത്തരം അനീതികൾ നേരിട്ടു. വിശദമായി പറഞ്ഞാൽ 5000 വർഷം നീണ്ടുനിന്ന അനീതിയെക്കുറിച്ചും പറയേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.